Monday, May 16, 2011

സുഹൃത്തിന്

പഴയ സുഹൃത്തുക്കളെയൊന്നും 
ഇപ്പോള്‍ തീരെ കാണാറില്ല 

വഴിയിറമ്പിലെ മാളങ്ങളില്‍ നിന്ന് 
ചിലപ്പോള്‍ മാത്രം
മിനുങ്ങിയ ശല്ക്കങ്ങളുമായി
അവര്‍ ഇറങ്ങി വരുന്നു
 
പൊള്ളുന്ന ടാറില്‍ 
മീനച്ചൂടിലിഴയുമ്പോള്‍
തലയൊന്നു വെട്ടിക്കും.

ആല്‍ത്തറയില്‍
ഒറ്റക്കിരുന്നു കവിത നനയുമ്പോള്‍
കരിയിലയില്‍ കൊള്ളിയാന്‍ പോലെ പായും 
ചില സൌഹൃദങ്ങള്‍

ശവം കിടത്തിയ പായ 
മുട്ടത്തു കഴുകാനിടുമ്പോള്‍ 
അടുക്കി വെച്ച വിറകിനുള്ളില്‍ കാണാം
അകത്തേക്ക് വലിയുന്ന വാല് ...

ബാലിത്തറയില്‍
മോതിരവിരല് പിടയുമ്പോള്‍
കട്ടിലിനടിയില്‍ കേള്‍ക്കാം 
പതിഞ്ഞു മാറുന്ന ശീല്‍ക്കാരം...

വിഷവൈദ്യന്റെ കോലായില്‍ 
ചലനമറ്റു മലര്‍ന്നു കിടക്കുമ്പോള്‍
കഴുക്കോലില്‍ പുളയും 
മഞ്ഞ നിറത്തിലൊരു അടിവയര്‍ ....

വെട്ടി വെളുപ്പിച്ച പാമ്പിന്‍ കാവില്‍ 
ഇപ്പോഴും കാണാം 
ഇടിത്തീ വീണ മരത്തിലെ
ചുണ്ണാമ്പ് കലകള്‍
കാവിലേക്കുള്ള വഴിയില്‍
പൊടിമണ്ണില്‍ നരച്ചു കിടക്കുന്നു 
പടം പൊഴിച്ച  സൗഹൃദം..

No comments:

Post a Comment