Saturday, May 21, 2011

പിണറായിയുടെ മടിയില്‍ നിന്ന്‍ മര്‍ഡോക്കിന്റെ അടുക്കളയിലേക്ക്

അന്‍വര്‍ പലേരി
ല്ലാ തൊഴില്‍ മേഖലയിലെയും പോലെ മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ നല്ല അവസരങ്ങള്‍ തേടി മറ്റു സ്ഥാപനങ്ങളിലേക്ക് പോകുന്നത് സ്വാഭാവികം. എന്നാല്‍ ,ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തനം നടത്തുകയും ആദര്‍ശ നിഷ്ഠയുടെ പ്രതിച്ചായയുണ്ടാക്കി വലിയൊരു പ്രേക്ഷകസമൂഹത്തെ  സ്വന്തമാക്കുകയും ചെയ്തവര്‍ അതുവരെ പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനും കടകവിരുദ്ധമായി രൂപാന്തരപ്പെടുമ്പോഴാണ്‌ അതിനു വാര്‍ത്താ പ്രാധാന്യം ഉണ്ടാവുന്നത്. നഷ്ടത്തിലോടിയിരുന്ന കൈരളി ചാനലിനെ കോടികളുടെ ലാഭക്കണക്കുകളിലേക്ക് വളര്‍ത്തിയ ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ട്‌  റൂപര്‍ട്ട്  മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക് മാറിയപ്പോള്‍ പ്രേക്ഷകസമൂഹം അത്ഭുതപ്പെട്ടതും അരിശം കൊണ്ടതും അതുകൊണ്ടാണ്. 


                   കൈരളി ചാനലിന്റെ ഈ വിജയം ബ്രിട്ടാസിന്റെ  ഭരണമികവിന്റെ മാത്രം വിജയമായിരുന്നു എന്ന് അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെങ്കിലും അത്രയെളുപ്പം അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, അരവയര്‍ പട്ടിണി കിടന്നും ഉടുമുണ്ട് മുറുക്കിയുടുത്തും ചാനലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ച പലരും ഇന്നവിടെയില്ല. അവര്‍ക്ക്, കൈരളി ചാനല്‍ പാവപ്പെട്ടവരെയും തൊഴിലാളി സമൂഹത്തെയും പ്രതിനിധീകരിക്കുന്ന ഒരു വലിയ ജനതയുടെ ആത്മാവിഷ്ക്കാരമായിരുന്നു. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനു പകരം പിണറായിയുടെ മാത്രം ആത്മസാക്ഷാല്‍കരത്തിന്റെ ദ്രിശ്യ വിന്യാസങ്ങളായി ചാനല്‍ മാറിയപ്പോഴും കച്ചവട മൂല്യമുള്ള ചാനല്‍ വിഴുപ്പുകള്‍ കൈരളിയിലൂടെ പ്രേക്ഷകരെ ഇക്കിളിയിട്ട് തുടങ്ങിയപ്പോഴും ഉള്ളില്‍ തട്ടി വേദനിച്ചത് ഈയൊരു വിഭാഗമാണ്. 
                    ചാനലിനു കൈവന്ന കോടികളുടെ ലാഭക്കണക്കുകള്‍ എണ്ണിപ്പറഞ്ഞു  രോമാഞ്ചം കൊള്ളുന്നവര്‍ ബോധപൂര്‍വം വിട്ടുകളയുന്ന ചില കാര്യങ്ങളുണ്ട്. ഈ ലാഭം എങ്ങിനെയുണ്ടായി? 
സാന്റിയാഗോ മാര്‍ട്ടിനും  കോര്‍പറേറ്റു കുത്തകകളും ഫാരിസ്‌ അബൂബക്കറുമൊക്കെയായി വിട്ട്‌ വീഴ്ച്ചയില്ലാതെ സന്ധിയുണ്ടാക്കിയതിന്റെ ഫലമായിരുന്നില്ലേ ഒരു പരിധി വരെ ഈ നേട്ടങ്ങള്‍ ? ബ്രിട്ടാസിന്റെ നിഷ്ഠയായ പ്രൊഫഷനലിസം ഈ വിജയങ്ങള്‍ക്ക് ശക്തമായ അടിക്കരുത്തു നല്‍കി എന്നത് സത്യം. പക്ഷെ കേരളത്തിന്റെ സാമൂഹിക- ധൈഷണിക ജീവിതത്തിനു സമരാര്‍ജിതമായ ഊക്കു പകര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ കണ്ണും കാതുമാവാന്‍ കൈരളി ചാനലിനു കഴിഞ്ഞിട്ടുണ്ടോ? വിജയേട്ടന്റെ മുതുകില്‍ കിടന്നാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് പറയുന്ന ബ്രിട്ടാസ്, വി.എസ് .എന്ന വന്ദ്യ വയോധികനായ മുഖ്യ മന്ത്രിയെ തേജോവധം ചെയ്യാന്‍ എങ്ങിനെയൊക്കെ ചാനലിനെ ഉപയോഗപ്പെടുത്തിയെന്നു ആ ചാനല്‍ സ്ഥിരമായി കാണുന്നവര്‍ക്കറിയാം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റില്ല എന്ന വാര്‍ത്ത ആദ്യം ഫ്ലാഷ് ചെയ്തത് പിണറായിയുടെയും ബ്രിട്ടസിന്റെയും കൈരളി ചാനല്‍ ആയിരുന്നു. അങ്ങിനെയൊരു ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും അതെല്ലാം പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാണ്  എന്നുമായിരുന്നു പാര്‍ട്ടി നേതാക്കള്‍ ഇതിനെക്കുറിച്ചു പറഞ്ഞത്. ഇതില്‍ എവിടെയായിരുന്നു കൈരളിയുടെ സ്ഥാനം? പിണറായിയുടെ കുശിനിയില്‍ വേവിച്ചെടുത്ത ഗ്രൂപ്പ് താല്പര്യങ്ങള്‍ മാത്രമാണ് കൈരളി ചാനലില്‍ വാര്‍ത്തകളായി വന്നിരുന്നത് എന്നല്ലേ ഇതിന്റെ അര്‍ത്ഥം?
                   നഷ്ടങ്ങളില്‍ നിന്ന് കോടികളിലേക്ക് വളര്‍ന്ന കൈരളിയുടെ സാമ്പത്തിക നേട്ടങ്ങള്‍ എണ്ണിപ്പറയുന്നവര്‍ ചാനലിന്റെ മണ്ണും വളവുമായി കൂടെ നിന്ന മറ്റു മാധ്യമ പ്രവര്‍ത്തകരുടെ അഭിവൃദ്ധിയെക്കുറിച്ചു  ചിന്തിച്ചിട്ടുണ്ടോ? ഇടതുപക്ഷ പ്രത്യയ ശാസ്ത്രം മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന എത്ര മിടുക്കന്മാരാണ് കൈരളി വിട്ട്‌ മറ്റു ചാനലുകളിലേക്ക് പോയത്? ചാനലുണ്ടാക്കിയ ലാഭത്തില്‍ നിന്ന്‍ ഒരു ശതമാനമെങ്കിലും അവരുടെ അഭിവൃദ്ധിക്കായി നീക്കി വെച്ചു അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മെച്ചപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചോ? ബ്രിട്ടാസിന്റെ നേട്ടങ്ങള്‍ പരിഗണിക്കുന്നത്   ഇതെല്ലാം കൂടി   ഉള്‍പെടുത്തിയിട്ടവണ്ടേ?ശക്തമായ ഒരു പ്രത്യയ ശാസ്ത്ര പിന്‍ബലത്തില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ആത്മാവിഷ്കാരമെന്ന നിലയില്‍ ആരംഭിച്ച കൈരളി ചാനല്‍ ലാഭനഷ്ടങ്ങള്‍ വിലയിരുത്തുബോള്‍ ഈ കാര്യങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതാണ്. 
                   കോര്‍പറേറ്റു കുത്തകകളെയും മര്‍ഡോക്ക് എന്ന മാധ്യമ മുതലാളിയെയും ഇത്രയധികം വിമര്‍ശിച്ച മറ്റൊരു മാധ്യമ പ്രവര്‍ത്തകനും സമീപകാലത്ത്  കേരളത്തില്‍ ഉണ്ടായിട്ടില്ല. ചെകുത്താന്‍ കുത്തിയ കുഴിയില്‍ ചെകുത്താനെ മുളക്കൂ എന്ന് പറഞ്ഞ പോലെ സഖാവ് പിണറായി വിജയന്‍ കാറും ആശീര്‍വാദവും കൊടുത്തു ബ്രിട്ടാസിനെ യാത്രയാക്കിയത് മര്‍ഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക്. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന പ്രതിച്ചായകളുടെ പൊള്ളത്തരം മനസിലാക്കാനെങ്കിലും ഈ വാര്‍ത്ത ഉപകരിക്കട്ടെ.
-(കവര്‍ സ്റ്റോറി )

2 comments:

  1. സത്യം. പക്ഷെ ഇതൊക്കെ ആരുകാണാൻ, എല്ലാം മറവിയുടെ ചവറ്റുകൊട്ടയിലേക്കെറിയാൻ അതികം താമസമില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete