Friday, March 2, 2012

Thursday, March 1, 2012

Sunday, October 16, 2011

ഭ്രഷ്ടിനു ചില ന്യായവാദങ്ങള്‍

ചെളിയില്‍ വിരിഞ്ഞു 
പൂവായ് മരിക്കാനാണ് എനിക്കിഷ്ടം 

സ്വര്‍ഗത്തില്‍ നിന്ന് വലിച്ചെറിഞ്ഞ പഴത്തില്‍ 
കുരുവായ് കറുത്ത്
മലയില്‍ കിളിര്‍ക്കാനാണ്
എനിക്കിഷ്ടം

നേദിക്കുന്ന പൂക്കളില്‍ 
ജലമായ് പറ്റിനിന്ന്
പുഴയില്‍ ചേരാനാണ് 
എനിക്കിഷ്ടം

ചന്ദനമരക്കുന്ന കല്ലില്‍ 
വെള്ളവുമായി ഇണചേര്‍ന്ന് 
അലിഞ്ഞു തീരാനാണ് 
എനിക്കിഷ്ടം

തിരക്കുകളില്‍ വലിഞ്ഞു മുറുകി 
ഒറ്റക്കാലില്‍ നിന്ന് ചുംബിച്ചു മടങ്ങിയവളുടെ
വിയര്‍പ്പു മണമാണ് 
എനിക്കിഷ്ടം

ആശുപത്രിയില്‍ 
ഓറഞ്ചിന്റെ അല്ലി നീട്ടിയ അമ്മ 
കണ്ണിലേക്കു വീഴ്ത്തിയ നീറ്റലാണ്
എനിക്കിഷ്ടം

ശവം തീനി ഉറുമ്പുകള്‍ 
ജപമാല കെട്ടി വലിക്കുമ്പോള്‍ 
നിസ്കാരപ്പായ ചുരുട്ടി വെക്കാനാണ് 
എനിക്കിഷ്ടം ...
-2010  

Sunday, June 12, 2011

ഒരു തടങ്കല്‍ രാത്രിയുടെ ഓര്‍മയ്ക്ക്

നല്ല തണുപ്പുള്ള ദിവസങ്ങളില്‍ പുതപ്പില്ലാതെ ഉറങ്ങേണ്ടി വരുന്ന രാത്രികളിലെല്ലാം എന്റെ ഓര്‍മ്മകള്‍  ഇപ്പോഴും അബുദാബി പോലീസ് ഹെഡ് കോട്ടെഴ്സിലെ ഒറ്റമുറി സെല്ലില്‍ തണുത്തു വിറക്കുന്നു. അന്യരാജ്യത്ത് വെച്ച് അറസ്റ്റു ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്റെ ഭീതിയും ആശങ്കകളും വാര്‍ത്തകള്‍ക്കിടയിലെ കൌതുകമോ ആവേശമോ മാത്രമായിരുന്നു അതുവരെ.നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ എളുപ്പം വിട്ടയക്കപ്പെടാവുന്ന കുറ്റമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. പക്ഷെ, ലോകം അതുവരെ കണ്ടിട്ടില്ലാത്ത വിധം സുരക്ഷാ ഭീഷണികളുടെ ഭീതിയില്‍ കഴിയുമ്പോള്‍ സംശയിക്കപ്പെട്ടു പിടിയിലകപ്പെടുന്നവന്റെ വിധി അനിശ്ചിതവും പ്രവചനാതീതവുമായിരിക്കും. നിയമത്തിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ വൈകുംതോറും തടവുമുറിയിലെ ഏകാന്ത ജീവിതവും നീണ്ടുപോയേക്കാം. 
                   സെപ്തംബര്‍ പതിനൊന്നിനു അമേരിക്കയില്‍ നടന്ന ഭീകരാക്രമണം പശ്ചിമേഷ്യയിലുണ്ടാക്കിയ നടുക്കം അവരുടെ തന്നെ സുരക്ഷയെ കുറിച്ചുള്ള ഭീതിയായി പടരാന്‍ മണിക്കൂറുകളെ വേണ്ടിവന്നുള്ളൂ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തത്തിന്റെയും അതിനെക്കാള്‍ സൂക്ഷ്മമായ കരുതലിന്റെയും നാളുകളായിരുന്നു അത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പാലിക്കേണ്ട കര്‍ശനമായ അതിരുകളും വിലക്കുകളും പത്രപ്രവര്‍ത്തകന്റെ സഹജമായ ആത്മവീര്യത്തെ ഓരോ നിമിഷവും ചോര്‍ത്തിക്കളയും.
                ഞാന്‍ ഏഷ്യാനെറ്റിന്റെ ഗള്‍ഫ് റിപ്പോര്‍ട്ടറായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു അക്കാലത്ത്. കണ്ണാടിയുടെ ഏതാനും എപ്പിസോഡുകള്‍ ഗള്‍ഫില്‍ ഷൂട് ചെയ്യാനാണ്  ടി.എന്‍.ഗോപകുമാറും സന്തോഷ്‌ എന്ന കാമറമാനും നാട്ടില്‍ നിന്ന് വന്നത്. ആവശ്യമായ സ്റ്റോറികള്‍ കണ്ടെത്തി ഷൂട് ചെയ്യാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കേണ്ടത് എന്റെ ചുമതലയായിരുന്നു. സമയം ഒട്ടും പാഴാക്കരുത്.കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി ജോലികള്‍ പൂര്‍ത്തിയാക്കി അവര്‍ക്ക് നാട്ടിലേക്കു മടങ്ങണം.എന്നും രാവിലെ അഞ്ചു മണിക്ക് ഞങ്ങള്‍ യാത്ര തുടങ്ങും. ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ഡ്രൈവര്‍ സതീഷാണ് വണ്ടിയോടിക്കുന്നത്. റാസല്‍ ഖൈമയിലെ ഉരുനിര്‍മാണവും ഉമ്മുല്‍ ഖുവൈനിലെ മലയാളികള്‍ ജോലി ചെയ്യുന്ന മത്സ്യബന്ധന കേന്ദ്രവുമെല്ലാം ഷൂട്ചെയ്തു രണ്ടാം ദിവസമാണ് ഞങ്ങള്‍ അബുദാബിയിലേക്ക് തിരിച്ചത്. യു.എ.ഇ-യുടെ തലസ്ഥാന നഗരമെന്ന നിലയില്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉയരമുള്ള കെട്ടിടങ്ങളുമെല്ലാം കിട്ടാവുന്നിടത്തോളം ഞങ്ങള്‍ ഷൂട് ചെയ്തു. ഗള്‍ഫ് വിഷ്വലുകള്‍ ചാനലുകളില്‍ അത്രയൊന്നും വന്നു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ക്കത് വളരെ വിലപ്പെട്ടതായിരുന്നു. 
ജോലി കഴിഞ്ഞു അബുദാബിയില്‍ നിന്നും ദുബായിലേക്ക് തിരിക്കുമ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരിക്കും. ഭക്ഷണം ദുബായിലെത്തിയിട്ട്‌ മതിയെന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ മടക്കയാത്ര തുടങ്ങിയത്.രാവിലെ  മുതല്‍ തുടങ്ങിയ നിര്‍ത്താതെയുള്ള ജോലിയും ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ വലിഞ്ഞു കയറി തലയിലേറ്റിയ  കൊടുംചൂടും ഞങ്ങളെ ശരിക്കും തളര്‍ത്തിയിരുന്നു. പക്ഷെ ആ  തളര്‍ച്ചയിലും നഗരത്തിന്റെയും മരുഭൂമിയുടെയും രാത്രി ദ്രിശ്യങ്ങള്‍ ടി.എന്‍.ജി -യെ വല്ലാതെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അബുദാബിയില്‍ നിന്നും ദുബായിലേക്ക് കടക്കുകയാണ്. റോഡിന്റെ രണ്ടു വശങ്ങളിലും മരുഭൂമിയുടെ അനന്ത വിദൂരതകളിലേക്ക് വളഞ്ഞൊഴുകുന്ന മരുപ്പാതകള്‍ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു. മരുഭൂമിയുടെ നിഗൂഡമായ ഇരുട്ടിനു തങ്കഅരഞ്ഞാണം കെട്ടിയതു പോലുള്ള മണല്‍ വഴികള്‍ . അബുദാബിയുടെ അതിര് കുറിക്കുന്ന ഖലീഫ പാലത്തിലെത്തിയപ്പോഴേക്കും ടി.എന്‍.ജി-യുടെ ക്ഷമ നശിച്ചു. ഒരു വശത്ത്‌ മരുഭൂമിയുടെ ഇരുട്ട്  പര്‍ദ്ദയണിഞ്ഞ  അറേബ്യന്‍ സുന്ദരിയെപ്പോലെ ഉറങ്ങിക്കിടക്കുന്നു.ധ്യാനത്തിലമര്‍ന്ന ഈത്തപ്പനകളുടെ നീണ്ട നിര ഉറങ്ങാതെ അവള്‍ക്കു കാവല്‍ നില്‍ക്കുകയാണെന്ന്  തോന്നും.  മറുവശത്ത്‌, വെളിച്ചത്തിന്റെ മേലാപ്പ് കെട്ടി അതിനു താഴെ വിശ്രമിക്കുന്ന ആവാസ കേന്ദ്രങ്ങളുടെ ചെറിയ ചെറിയ കൂട്ടങ്ങള്‍ .മരുഭൂമിയുടെ ഇരുട്ടും വെളിച്ചവും രണ്ടു വ്യത്യസ്തങ്ങളായ ഭാവങ്ങളാണ്.  ഒന്നും വിട്ടുപോകാതെ ഷൂട് ചെയ്യണം. ഞങ്ങള്‍ വണ്ടി നിര്‍ത്തി .  ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി ടി.എന്‍.ജി- മാറി നിന്ന് കാഴ്ചകള്‍ കാണുകയാണ്. തിരികെ വണ്ടിയില്‍ വന്നു കയറി അല്പം മുന്നോട്ടെടുത്തതെ ഉള്ളൂ.  പിറകില്‍ കറുത്ത നിറമുള്ള  ഒരു ബെന്‍സ് കാര്‍ വേഗത കുറച്ചു ഞങ്ങള്‍ക്കരികില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് സൈഡ് മിററില്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. എനിക്ക് കാര്യം എളുപ്പം പിടികിട്ടി.പ്രതിരോധ വകുപ്പിലെ രഹസ്യ പോലീസ് ഞങ്ങളെ പിന്തുടരുന്നു. ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു ഞാന്‍ പുറത്തേക്കിറങ്ങി. ദുബായ് മീഡിയ സിറ്റിയുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുണ്ട് എന്റെ കയ്യില്‍ .
വെളുത്ത കന്തൂറയിട്ട(പരമ്പരാഗത അറബി വേഷം )  ഉദ്യോഗസ്ഥരില്‍ ഒരാള്‍ മൊബൈലില്‍ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അറബി ഭാഷ അല്‍പമൊക്കെ  കേട്ടാല്‍ മനസിലാകുന്നത് കൊണ്ട് അയാള്‍ പറയുന്നത് ഞങ്ങളെ കുറിച്ചാണെന്ന് മനനസിലായി. മറ്റെയാള്‍ എന്റെ രേഖകള്‍ വാങ്ങി വിശദമായി പരിശോധിച്ചു.അപ്പോഴേക്കും ടി.എന്‍.ജി-യും അടുത്തേക്ക് വന്നിരുന്നു. 
സാധാരണ സന്ദര്‍ശക വിസയില്‍ ദുബയിലെത്തുന്നവര്‍ വിസയുടെ കോപ്പി യാത്രയില്‍ കൊണ്ട് നടക്കണമെന്ന് നിയമമുണ്ട്. ടി.എന്‍.ജി- വിസയുടെ  കോപ്പി ഹോട്ടല്‍ മുറിയില്‍ വെച്ചാണ് വന്നത്. ലോകം മുഴുവന്‍ ഒസാമാ ബിന്‍ലാദന് വേണ്ടി തിരച്ചില്‍ നടത്തുന്ന കാലമല്ലേ?ടി.എന്‍.ജി-യുടെ രൂപവും  തലപ്പാവ് അഴിച്ചു വെച്ച ബിന്‍ ലാദന്റെ ചിത്രവും തമ്മില്‍ ഒരു വിദൂര സാദ്രിശ്യമെങ്കിലും അവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ? പാതിരാത്രിയില്‍ ഞങ്ങളവിടെ എന്താണ് ചിത്രീകരിച്ചതെന്ന് എത്ര തന്നെ വിശദീകരിച്ചിട്ടും അവര്‍ക്ക് മനസിലാകുന്നില്ല.എന്റെ ബത്താക്ക(തിരിച്ചറിയല്‍ കാര്‍ഡ്‌ )യില്‍ വെണ്ടയ്ക്ക വലുപ്പത്തില്‍ അച്ചടിച്ച Freedom to Create എന്ന വാചകം നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. 
'ശെരിയാണ്‌.നിങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദമുണ്ട്. പക്ഷെ ഈ പ്രത്യേക സ്ഥലത്ത് ഷൂട് ചെയ്യാനുള്ള സമ്മതി പത്രം വാങ്ങിയിട്ടുണ്ടോ...?'
അങ്ങിനെയൊരു കാര്യത്തെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല.മുന്‍പൊരിക്കലും കാമറയുമായി പുറത്തിറങ്ങിയപ്പോള്‍ ഇങ്ങിനെയൊരു അനുഭവമുണ്ടായിട്ടില്ല എന്നത് കുറ്റകരമായ ഇത്തരം അനാസ്ഥകള്‍ക്ക് ന്യായീകരണമല്ലല്ലോ.
പാലത്തില്‍ നിന്ന് നോക്കിയാല്‍ കിലോമീറ്ററുകള്‍ അകലെ അബുദാബി ഡിഫെന്‍സ് ക്യാമ്പ് ഉണ്ട്. ഞങ്ങള്‍ അത് ലക്‌ഷ്യം വെച്ചാണ് വന്നതെന്നാണ് അവരുടെ സംശയം. എങ്കില്‍ ഇത് ഇവിടെ തീരില്ല.അറിയാവുന്ന അറബിയും ഇംഗ്ലീഷ്ഷുമൊക്കെ വെച്ച് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അവരെ ത്രിപ്തരാക്കിയില്ല. ടി.എന്‍.ജി -അന്നും ഗള്‍ഫിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ടുഡെയില്‍ കോളം ചെയ്യുന്നുണ്ട്-അതും ഫോട്ടോ സഹിതം.പക്ഷെ അതൊന്നും അവര്‍ കേട്ടതായി ഭാവിച്ചില്ല. അന്നത്തെ ഗള്‍ഫ് ടുഡെയുടെ കോപ്പി പോലും ഞങ്ങള്‍ അവരെ കാണിച്ചു നോക്കി.രക്ഷയില്ല.
ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഞങ്ങളുടെ കാറിനടുത്ത് ചെന്ന് വണ്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ കൂടി പുറത്തിറക്കി. ഒരാള്‍ നാട്ടില്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയോടു ഒരാഴ്ച്ചത്തെക്കെന്നു പറഞ്ഞു ടി.എന്‍.ജി-യോടൊപ്പം പുറപ്പെട്ടതാണ്‌. ഡ്രൈവര്‍ സതീഷിന്റെ വിവാഹം കഴിഞ്ഞിട്ട്ട് മൂന്നു മാസമേ ആയുള്ളൂ. രണ്ടു പേരും ഇപ്പോള്‍ തന്നെ കരയുമെന്ന മട്ടിലാണ്. ഗള്‍ഫിലെ ശിക്ഷയെ കുറിച്ച് മുന്‍പ്  കേട്ടിട്ടുള്ള കഥകള്‍ അവരുടെ ഭീതി ഇരട്ടിപ്പിക്കുന്നുണ്ടാവണം
അപ്പോഴേക്കും സൈറന്‍ മുഴക്കിക്കൊണ്ട് രണ്ടു ഭാഗവും ഇരുമ്പ് ഗ്രില്ലുകള്‍ ഘടിപ്പിച്ച മറ്റൊരു പോലീസ് കാര്‍ ഞങ്ങള്‍ക്ക് സമീപം വന്നു നിന്നു. ഞങ്ങളുടെ വണ്ടിയിലുണ്ടായിരുന്ന കാമറ ഉദ്യോഗസ്ഥന്‍ തന്നെ അവരുടെ വണ്ടിയിലേക്ക് മാറ്റി. ക്യാമറയെ കുറിച്ചല്ല, ഞങ്ങള്‍ ഒരുപാടു കഷ്ട്ടപെട്ടു ചിത്രീകരിച്ച ദ്രിശ്യങ്ങള്‍ നഷ്ടപ്പെടുന്നതോര്‍ത്ത് വല്ലാത്ത വിഷമം തോന്നി. അധികം വൈകാതെ ഞങ്ങളെയും കയറ്റി പോലീസ് വണ്ടി ഓടിത്തുടങ്ങി. 
ഇനി ആലോചിചിരുന്നുട്ടു കാര്യമില്ലല്ലോ. ഞാന്‍ ഏഷ്യാനെറ്റിന്റെ ബന്ധപ്പെട്ടവരെ മൊബൈലില്‍ വിളിച്ചു വിവരമറിയിച്ചു.പോലീസുകാരന്‍ പിറകിലേക്ക് തിരിഞ്ഞു മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കല്പിച്ചു. വിളിച്ചവര്‍ക്ക്  അറിയേണ്ടത്  ഞങ്ങളെ എവിടെക്കാണ്‌   കൊണ്ട് പോകുന്നത് എന്നാണ്. പക്ഷെ അതെങ്ങിനെ അറിയും? വണ്ടി ഓടിക്കുന്ന പോലീസുകാരനോട്‌ ചോദിച്ചപ്പോള്‍ അയാള്‍ ഒന്ന് മുരണ്ടാതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കുറെ സമയം ഓടിയ ശേഷം വണ്ടി അബുദാബി പോലീസ് ഹെഡ്കൊട്ടെസിന്റെ വലിയ ഗേറ്റിനു അടുത്തെത്തിയപ്പോള്‍  ഞാന്‍ പതിയെ താഴേക്ക്‌ കുനിഞ്ഞിരുന്ന് മൊബൈല്‍ ഓണ്‍ ചെയ്തു. ഉത്തരവാദപ്പെട്ട ഒന്ന് രണ്ടു പേര്‍ക്ക് ഞങ്ങളെ എവിടെ ക്കാണു കൊണ്ടുപോകുന്നതെന്ന വിവരത്തിനു  എസ്.എം. എസ്സുകള്‍ അയച്ചു. സാധാരണ കേസുകളില്‍ പ്രതികള്‍ക്ക് ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി വിവരങ്ങള്‍ അറിയിക്കാനുള്ള അവസരം കൊടുക്കും. പക്ഷെ ഞങ്ങളുടെ കാര്യത്തില്‍ അങ്ങിനെയൊരു ഔദാര്യം പ്രതീക്ഷിക്കാനാവില്ല. അവര്‍ സംശയിക്കുന്നത് പോലെയാണെങ്കില്‍ രാജ്യത്തിന്‌ സുരക്ഷാ ഭീഷണി യുണ്ടാക്കാന്‍ വന്ന ഭീകരരുടെ പട്ടികയിലാണ് ഞങ്ങളെ ഉള്‍പെടുത്തിയിട്ടുള്ളത്. എത്ര വലിയ ശിക്ഷ ലഭിച്ചാലും തല്‍കാലം അനുഭവിച്ചേ  പറ്റൂ. 
ഞങ്ങളെ ഒരു ഉയര്‍ന്ന ഓഫീസറുടെ മുറിയിലിരുത്തി കൂടെ വന്നവര്‍ കാമറയുമായി അകത്തേക്ക് പോയി. കാര്യം മനസിലാക്കാതെയുള്ള അറസ്റ്റും അപമാനവും  ഒക്കെകൂടി ടി.എന്‍.ജി-വല്ലാതെ അക്ഷമനായി കഴിഞ്ഞിരുന്നു. ഒരു സിഗരറ്റ് വലിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഈ അസ്വസ്ഥത ഒന്നയഞ്ഞു കിട്ടുമെന്നറിയാം. മറ്റു  രണ്ടുപേരാണെങ്കില്‍ സിംഹത്തിന്റെ വായിലകപ്പെട്ട എലിക്കുട്ടികളെ പോലെ പേടിച്ചു ജീവന്‍ പോകുമെന്ന അവസ്ഥയിലാണ്. എന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ ഞാന്‍ അവരെ സമാധാനിപ്പിക്കുന്നുണ്ട്.പക്ഷെ ഞാന്‍ പറയുന്നതൊന്നും അവര്‍ വിശ്വസിക്കുന്നില്ല.
മുറിയിലേക്ക് വന്ന രണ്ടു മൂന്നു ഓഫിസര്‍മാര്‍ ഞങ്ങളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി.അവര്‍ക്കറിയേണ്ടത്  ഞങ്ങളെ കുറിച്ചു മാത്രമല്ല. നാട്ടിലെ രാഷ്ട്രീയ കാര്യങ്ങള്‍ ...ഓരോ പാര്‍ട്ടിയിലെയും ഗ്രൂപ്പ്‌ വഴക്കുകള്‍ , ഇ.കെ .നായനാരും അച്യുതാനന്ദനും തമ്മിലുള്ള പടല പിണക്കങ്ങള്‍ ,പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയകുമോ...പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും...അപ്രതീക്ഷിതമായ ഇത്തരം ചോദ്യങ്ങള്‍ ടി.എന്‍.ജി-യെ ശെരിക്കും അല്ഭുതപ്പെടുത്തുന്നുണ്ടാവണം.എനിക്ക് നേരെ ഇടക്കിടെയുള്ള അദ്ദേഹത്തിന്റെ നോട്ടത്തില്‍ നിന്നു എനിക്കത് വായിക്കാനാവും. യു.എ.ഇ ഗവണ്മെന്റിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങളെ കുറിച്ച് എനിക്ക് നേരത്തെ തന്നെ നല്ല ധാരണയുണ്ടായിരുന്നു. രാജ്യത്തെ എല്ലാ പ്രവാസി സമൂഹങ്ങള്‍ക്കിടയിലും അവര്‍ക്ക് നൂറു കണക്കിന് ഹബ്രികള്‍ (രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നവര്‍ ) ഉണ്ട്. വിവിധ പ്രവാസി അസോസിയേഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ,പത്ര പ്രവര്‍ത്തകര്‍ ,സംഘടനാ നേതാക്കള്‍ ,മത-സാമുദായിക നേതാക്കള്‍ എന്നിങ്ങിനെ സര്‍ക്കാരില്‍ നിന്നും ഇതിന്റെ പേരില്‍ ശമ്പളം പറ്റുന്നവരും നിരവധിയുണ്ട്. ഇവരിലൂടെയാണ് നാട്ടിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പെടെ യു.എ.ഇ-യിലെത്തുന്ന കുറ്റവാളികളെ കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ രഹസ്യ സന്ദര്‍ശനങ്ങളെ കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് എത്തുന്നത്. 
ചോദ്യം ചെയ്യല്‍ കഴിഞ്ഞു എഫ് .ഐ. ആര്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും ടി.എന്‍.ജി-യുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.അദ്ദേഹം മുന്നിലിരിക്കുന്ന ഓഫീസറോട് അല്പം ഗൌരവത്തില്‍ തന്നെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ നിരപരാധിത്തം മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല വളരെ സൗഹാര്‍ദ്ദപരമായാണ് അദ്ദേഹം ടി.എന്‍.ജി-യോട് പ്രതികരിച്ചത്. 
'-നിങ്ങള്‍ കുഴപ്പക്കാരല്ലെന്നു ഞങ്ങള്‍ക്കറിയാം. പക്ഷെ നിങ്ങളെ അറസ്റ്റു ചെയ്ത സ്ഥിതിക്ക് ഞങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയേ പറ്റൂ....'
പക്ഷെ ഏറെ നേരത്തെ അവകാശവാദങ്ങള്‍ക്ക് ശേഷം ഒരു സിഗരട്ട് വലിക്കാനുള്ള അനുവാദം ടി.എന്‍.ജി വാങ്ങിയെടുത്തു.  
ആ ഓഫീസരുടെ അനുതാപത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോള്‍ ഞങ്ങളെ ഇപ്പോള്‍ തന്നെ വിട്ടയക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എല്ലാവര്‍ക്കും.അയാള്‍ മറ്റൊരു പോലീസുകാരനെ വിളിച്ചു ഞങ്ങളെ ഫിങ്കര്‍  പ്രിന്റുകള്‍ എടുക്കുന്നതിനായി അയാള്‍ക്കൊപ്പം പറഞ്ഞയച്ചു. 
മറ്റ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഞങ്ങളെ  കരുതല്‍ തടങ്കലായി സെല്ലുകളില്‍ അടക്കാനാണ് തീരുമാനമെന്ന്  വലിയ ഇരുമ്പ് വാതിലുകള്‍ക്ക് മുന്നിലെത്തിയപ്പോഴേ മനസിലായുള്ളൂ .അവിടെയിരിക്കുന്ന കാവല്‍ക്കാരന്‍ ഞങ്ങളുടെ പേഴ്സും മൊബൈലുകളും പാന്‍സിന്റെ ബെല്‍ട്ടുമെല്ലാം വാങ്ങിവെച്ചു മുന്നിലുള്ള രജിസ്റ്ററില്‍ കുറിച്ചു വെച്ചു. ഇനി ഞങ്ങള്‍ ഇതിനകത്താണ്. 
മാര്‍ബിള്‍ തറയും വലിയ കുഷ്യനുകളുമൊക്കെയിട്ട്ട്  അലങ്കരിച്ച വിശാലമായ ഓഫീസിനുള്ളില്‍ ഇങ്ങിനെയൊരു തുരങ്കജാലകമുണ്ടെന്നു പുറത്തു നിന്നു നോക്കുന്നവര്‍ക്ക് മനസിലാകില്ല. ഇരമ്പു ഗേറ്റു കടന്നു ചെല്ലുന്നത്    രണ്ടു വശങ്ങളിലായി ചെറിയ ചെറിയ സെല്ലുകളുള്ള വലിയൊരു തുരങ്കത്തിലേക്കാണ് .സിമന്റിട്ട തറയും ചുവരുകളുമാല്ലാതെ മറ്റൊന്നും ആ മുറികളിലില്ല. പ്രധാന ഗേറ്റ് കടന്നെത്തിയാല്‍ ഒരു വലിയ പറക്കെട്ടിനടിയിലെ നിരവധി ഗുഹാമുഖങ്ങള്‍ പോലെയാണ് അനുഭവപ്പെടുക.പക്ഷെ ആ തുരങ്കത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ തന്നെ ഹിമാലയത്തിലെ ഏതോ ഹിമദുര്‍ഗത്തില്‍ എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്. എ.സി -യില്‍ നിന്നും വീശിയടിക്കുന്ന തണുപ്പ് അത്രയ്ക്ക് കഠിനമായിരുന്നു..വിധിക്കപ്പെടത്ത ശിക്ഷയുടെ നിസ്സഹായമായ ഏറ്റെടുക്കലായിരുന്നു അത്.
ഒരു രാത്രിയും പകലും ഞങ്ങള്‍ വലിയൊരു ഫ്രീസറിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു,ഭക്ഷണമോ ജലപാനമോ ഇല്ലാതെ.തണുത്ത സിമന്റു തറയിലും ചുവരുകളിലും തണുപ്പ് ഹിമപാളികളായി ഉറഞ്ഞു കിടക്കുന്നത് പോലെ... തണുപ്പ് അസ്ഥികളെ പോലും കാര്‍ന്നു തിന്നിട്ടും  പുറത്തോട് പുറം ചാരിയിരുന്നു നേരം വെളുപ്പിച്ച ആ രാത്രിയിലാണ്  തണുത്തു വിറങ്ങലിച്ച  മരണത്തിന്റെ നീലിപ്പുകള്‍ സ്വന്തം ശരീരഭാഗങ്ങളില്‍ നിന്ന് ആദ്യമായി വായിച്ചു പഠിച്ചത് .

Saturday, June 4, 2011

പ്രണയ കാലം

പൂവ് ചോദിച്ചപ്പോള്‍ 
ഹൃദയം കൊടുത്തു
ദാഹിച്ചു വലഞ്ഞു 
നട്ടുച്ചയില്‍ കയറിവന്നപ്പോള്‍ 
മുലപ്പാല് ചുരത്തുന്ന തണല്‍ മരമായി
കിടക്കാനിടം കൊതിച്ചപ്പോള്‍ 
സ്വപ്നം വിതച്ച ഒറ്റമുറി 
അവനായി തുറന്നു കൊടുത്തു

നനഞ്ഞു ണര്‍ന്ന രാത്രിമഴയില്‍
കിടക്കാനിടം തേടി കതകില്‍ തട്ടി വിളിക്കുന്നത്
ഞാനോ? 
നീയോ?