Sunday, October 16, 2011

ഭ്രഷ്ടിനു ചില ന്യായവാദങ്ങള്‍

ചെളിയില്‍ വിരിഞ്ഞു 
പൂവായ് മരിക്കാനാണ് എനിക്കിഷ്ടം 

സ്വര്‍ഗത്തില്‍ നിന്ന് വലിച്ചെറിഞ്ഞ പഴത്തില്‍ 
കുരുവായ് കറുത്ത്
മലയില്‍ കിളിര്‍ക്കാനാണ്
എനിക്കിഷ്ടം

നേദിക്കുന്ന പൂക്കളില്‍ 
ജലമായ് പറ്റിനിന്ന്
പുഴയില്‍ ചേരാനാണ് 
എനിക്കിഷ്ടം

ചന്ദനമരക്കുന്ന കല്ലില്‍ 
വെള്ളവുമായി ഇണചേര്‍ന്ന് 
അലിഞ്ഞു തീരാനാണ് 
എനിക്കിഷ്ടം

തിരക്കുകളില്‍ വലിഞ്ഞു മുറുകി 
ഒറ്റക്കാലില്‍ നിന്ന് ചുംബിച്ചു മടങ്ങിയവളുടെ
വിയര്‍പ്പു മണമാണ് 
എനിക്കിഷ്ടം

ആശുപത്രിയില്‍ 
ഓറഞ്ചിന്റെ അല്ലി നീട്ടിയ അമ്മ 
കണ്ണിലേക്കു വീഴ്ത്തിയ നീറ്റലാണ്
എനിക്കിഷ്ടം

ശവം തീനി ഉറുമ്പുകള്‍ 
ജപമാല കെട്ടി വലിക്കുമ്പോള്‍ 
നിസ്കാരപ്പായ ചുരുട്ടി വെക്കാനാണ് 
എനിക്കിഷ്ടം ...
-2010