Wednesday, May 18, 2011

ഓര്‍മ്മ : ഹെയര്‍പ്പിന്‍ വളവിലെ ഒറ്റമരം


Aldous Huxeley സിദ്ധ പുരുഷന്മാരുടെ ദാര്‍ശനിക പശ്ച്ചാത്തലം   അടിസ്ഥാനമാക്കി  എഴുതിയ പുസ്തകത്തില്‍ ,മരണാനുഭവങ്ങളുടെ ഭൌതിക പ്രകാശനങ്ങളെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആത്മ പ്രപഞ്ചത്തില്‍ മരണം അതിന്റേതായ ഇടം കണ്ടെത്തുന്ന നിപുണതയെ ജീവിതാരംഭത്തില്‍ നിന്ന് ജീവിതാന്ത്യത്തിലെക്കുള്ള  വ്യത്യസ്തതകള്‍ നിറഞ്ഞ ഒരായിരം ചുവടു വെപ്പുകളായി അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യ ജീവന്‍ ഗര്‍ഭ പാത്രത്തില്‍ ഉയിരെടുത്തു, പത്തോ അമ്പതോ വര്‍ഷങ്ങള്‍ക്കു ശേഷം സാമാന്യ രീതിയില്‍ പ്രാണന്‍ വിട്ടു പോകുന്നത് വരെയുള്ള ജീവിത കാലങ്ങളില്‍ ഏതൊക്കെ തരത്തിലുള്ള മരണ സാധ്യതകളിലൂടെയായിരിക്കും കടന്നു പോയിട്ടുണ്ടാവുക..?  മരണം ജീവിതത്തിന്റെ നിഴലാണോ ഇക്കാണുന്ന ജീവിതം പണ്ടെന്നോ സംഭവിച്ച മരണത്തിന്റെ നിഴലാണോ എന്നൊന്നും തീര്‍പ്പ് കല്‍പ്പിക്കുക വയ്യ. ഒരുകാര്യം ഉറപ്പാണ്. സ്വോച്ഛമായ ജീവിതത്തിനും ഇടക്കിടെ മുറിഞ്ഞു വീഴുന്ന ആപല്‍സൂചനകള്‍ക്കുമിടയില്‍ മരണം സമര്‍ത്ഥമായ ചില ഒളിച്ചുകളികള്‍ നടത്തുന്നുണ്ട്. ജീവിച്ചിരിക്കുക എന്ന  അന്ശ്ച്ചിതത്തത്തെക്കാള്‍ പതിന്മടങ്ങാണ് മരിക്കാനുള്ള സാദ്ധ്യതകളെന്ന നിഗമനത്തിനു അതുകൊണ്ട് തന്നെ സാധ്യത ഏറെയാണ്‌. ജീവിതത്തിന്റെ ഓരോ മുക്ക് മൂലയിലും ദുര്‍നിമിത്തങ്ങളുടെ കറുത്ത പൊതിയുമായി മരണം അനുചിത നിമിഷങ്ങല്‍ക്കായി കാത്തിരിക്കുന്നുണ്ട്.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് , മധുരക്കും കോയമ്പത്തുരിനുമിടക്കുള്ള ബസ് യാത്രക്കിടെ, മരണ മുഖത്തു നിന്ന്  എന്നെ ജീവിതത്തിന്റെ പച്ചത്തഴപ്പുകളിലേക്ക് വലിച്ചിഴച്ച തമിഴന്റെ മുഖം എനിക്കിപ്പോഴും ഓര്‍മയുണ്ട്. പരിഷ്ക്കാരത്തിന്റെ  നാട്യങ്ങളൊന്നുമറിയാത്ത ആ തമിഴന്‍ ,കത്തിയമര്‍ന്ന ബസ്സിനൊപ്പം ഒറ്റയാളലില്‍ തീര്‍ന്നുപോയപ്പോള്‍ തന്റെ ജീവിതത്തിനു ഇങ്ങിനെയൊരു പകരക്കാരനുണ്ടാവുമെന്നു ചിന്തിച്ചിരിക്കില്ലല്ലോ. അല്ലെങ്കിലും ഒരു മരണം മറ്റൊരു മരണത്തിനു പകരം നില്‍ക്കുമോ..? 
ശിവകാശിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ്‌  യാത്ര..മധുരയില്‍ ചെന്നാല്‍ ഓരോ അഞ്ചു മിനുട്ടിലും ബാസ്സുണ്ടാവുമെന്നു തമിഴകത്തിന്റെ വ്യാകരണം നന്നായറിയാവുന്ന സുഹ്രത്ത് പറഞ്ഞതനുസരിച്ച് പുറപ്പെട്ടു.ശിവകാശിയില്‍ നിന്ന് മധുര വരെ വന്നു എന്നെ യാത്രയാക്കാന്‍ അവനും തീരുമാനിച്ചു. ആവശ്യ മുണ്ടായിട്ടല്ല, ഞങ്ങള്‍ക്കിടയിലെ സൌഹൃദത്തിന്റെ ഇഴയടുപ്പം അത്രയ്ക്ക് തീവ്രമായിരുന്നു.
ഉച്ചയോടെ ഞങ്ങള്‍ മധുരയിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റിലെത്തി.ചായ കുടിച്ചു. പുറപ്പെടാനൊരുങ്ങി നിന്ന ബസ്സില്‍ കയറി ഇരുന്നെങ്കിലും ഇടമുറിയാതെ സംസാരിച്ചു കൊണ്ട് അവന്‍ ബസ്സിനു പുറത്തു എന്നോടു ചേര്‍ന്നുതന്നെ നില്‍പ്പുണ്ടായിരുന്നു. ഇടക്കെപ്പോഴോ മുഷിഞ്ഞു നാറിയ കാക്കി  നിക്കറും മുറുക്കാന്‍ കറ പറ്റിയ ടീ ഷര്‍ട്ടുമിട്ട് ഒരു തമിഴന്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുറപ്പിച്ചു . സമാന്യത്തിലധികം കുടവയറും മറ്റുള്ളവര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന വിധം അംഗ ചലനങ്ങളുമായി ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ എന്നില്‍ അസഹിഷ്ണുത വളര്‍ത്തിയിരുന്നു. കഷ്ടിച്ച്  രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റിന്റെ വലിയൊരു ഭാഗവും അയാള്‍ കയ്യടക്കിയിരുന്നു. ശരിക്കും ഞെങ്ങി ഞെരുങ്ങി ,ശ്വാസം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി  എന്റെ ഇരിപ്പ്. അയാളാവട്ടെ, ഒരു ദീര്‍ഘ യാത്രയുടെ മുന്നോരുക്കത്തില്‍ വകവെച്ചു കിട്ടിയ സ്വാസ്ഥ്യം ശരിക്കും ആസ്വദിക്കുന്നതുപോലെയാണ്  എനിക്ക് തോന്നിയത്. 
                   കൃഷിയും കന്നുകാലികളും മാത്രമായി കഴിയുന്ന ഒരു സാധാരണ തമിഴ് ഗ്രാമീണന്റെ മുഖമായിരുന്നു അയാള്‍ക്ക്. ഇതിനിടെ കയ്യിലെ മുറുക്കാന്‍ പൊതി അഴിച്ചു സവിസ്തരം വായിലേക്ക് തിരുകിയതും കറപിടിച്ച പുകയിലപ്പല്ലുകള്‍ക്ക് പിറകില്‍ ഒരു ചുവന്ന കടല്‍ രൂപപ്പെട്ടതും ഞാനറിഞ്ഞില്ല. മനം മടുപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെ ആ വലിയ ശരീരം എനിക്ക് മുന്നിലൂടെ തല പുറത്തേക്ക് നീട്ടിയപ്പോള്‍ പുറത്തു നിന്നിരുന്ന സുഹ്രത്ത് തുപ്പല്‍ ദേഹത്ത് വീഴാതിരിക്കാന്‍ അഭ്യാസിയെപ്പോലെ ഒഴിഞ്ഞു മാറുന്നത് കണ്ടു. സാമ്പാറും പാല്‍ക്കായവും വെന്തു കലങ്ങിയ വല്ലാത്തൊരു ഗന്ധമായിരുന്നു അയാളുടെ ദേഹത്തിനു.അഞ്ചോ പത്തോ മിനുട്ട് നേരത്തെക്കല്ല ,മണിക്കൂറുകള്‍ നീളുന്ന യാത്രയിലുടനീളം അയാളെ സഹിക്കേണ്ടി വരുന്നതലോചിച്ചപ്പോള്‍  മനസ്സിലൊരു കൊള്ളിയാന്‍ പാഞ്ഞു. പുറപ്പെട്ടു തുടങ്ങിയ ബസ്സില്‍ നിന്നും ഒരു വിധത്തില്‍ പുറത്തേക്ക് ചാടിയപ്പോള്‍ ബസ്സിനു നേരെ കൈ വീശിക്കാണിച്ചു കൊണ്ട് സുഹ്രത്ത് അവിടെത്തന്നെയുണ്ട്‌. അല്പം കഴിഞ്ഞ്‌, തൊട്ടു പിറകെയുള്ള ബസ്സില്‍ കയറി ഞാന്‍ എന്റെ വഴിക്കും അവന്‍ അവന്റെ വഴിക്കും യാത്ര തുടങ്ങി...
            തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിഴലുകള്‍ ചഞ്ഞു തുടങ്ങിയിരുന്നു.ദേശീയ പാതയുടെ അരികുപറ്റി, ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന കാളവണ്ടികള്‍ മന്ദഗതിയിലായി. എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിയതെന്നറിയില്ല. ഉച്ചത്തിലുള്ള നിലവിളികള്‍ കേട്ടാണ് ഉണര്‍ന്നത്. തൊട്ടു മുന്നിലിരുന്ന സ്ത്രീകള്‍ പരസ്പരം കെട്ടിപ്പിടിച്ചു പുറത്തേക്ക് നോക്കി നിലവിളിക്കുന്നു. വാഹനങ്ങളുടെ നീണ്ട നിരക്കപ്പുറം കരിമല കണക്കെ ഉയര്‍ന്നു നില്‍ക്കുന്ന പുകപടലങ്ങള്‍ .....നിലവിളികള്‍ക്കൊപ്പം കത്തിയമരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്ന് ഒരാളെപ്പോലും ജീവനോടെ രക്ഷപ്പെടുത്താനാവാതെ അന്താളിച്ച് നില്‍ക്കുന്ന ജനം.....ആര്‍ത്തിയോടെ കത്തിപ്പടരുന്ന തീ നാളങ്ങള്‍ക്കരികിലേക്ക് ആര്‍ക്കും അടുക്കാനാവുന്നില്ല. നിമിഷാര്‍ധത്തില്‍ മരണം ഒരുപാടു പച്ച ശരീരങ്ങളെ പ്രതികാര ബുദ്ധിയോടെ നക്കിത്തുടക്കുന്നത് നിസ്സംഗരായി  നോക്കി നില്‍ക്കുകയെ നിവര്‍ത്തിയുള്ളൂ. നിസ്സഹായത മനുഷ്യന്റെ അഹങ്കരങ്ങളെ   മണല്‍തരിയോളം ചെരുതാക്കികളഞ്ഞതിന്റെ  പകപ്പ്  ഓരോ മുഖങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു. അഗ്നിശമന യന്ത്രങ്ങള്‍ നാലു ഭാഗത്ത് നിന്നും വെള്ളം ചീറ്റിക്കഴിഞ്ഞപ്പോള്‍ ജീവന്റെ നേര്‍ത്തൊരു നെടുവീര്‍പ്പു പോലും ബാക്കി വെക്കാതെ നാല്പത്തിരണ്ട് കത്തിക്കരിഞ്ഞ മൃത ദേഹങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് റോഡരികില്‍ എടുത്തു കിടത്തി.
                   കോയമ്പത്തുരിലേക്ക്  നാഴികകള്‍ മാത്രം ബാക്കി നില്‍ക്കെ സുല്ലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ ആ അപകടത്തില്‍ ഒരാള്‍ പോലും ജീവനോടെ അവശേഷിച്ചില്ല .  ഫോറെന്‍സിക് വിധഗ്ദ്ധരുടെ  സഹായത്തോടെയാണ് മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞതെന്നു പിറ്റേന്ന് പത്രങ്ങളില്‍ വായിച്ചു.ഞങ്ങള്‍ക്ക് തൊട്ടുമുന്നില്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.എങ്കില്‍ ആ തമിഴന്‍...? അയാള്‍ വഴിക്ക് ഇറങ്ങിപ്പോയിട്ടുണ്ടാവുമോ..? ഇല്ലെങ്കില്‍ ...? ആവൂ..ഞാന്‍ രക്ഷപ്പെട്ടല്ലോ എന്ന്  സമാധാനിക്കുമ്പോഴും എന്നെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ പഠിപ്പിച്ച ആ തമിഴ് മുഖം അത്രയെളുപ്പം മനസ്സില്‍ നിന്ന് പോകുമോ? വിങ്ങിപ്പൊട്ടുന്ന കാഴ്ചകള്‍ക്ക് നടുവിലും വല്ലാതെ വരണ്ടു പോകുന്ന മിഴിരണ്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്ക് നടുവില്‍ ആ തമിഴനെ അന്വേഷിച്ചിരുന്നില്ലേ...? പക്ഷെ എനിക്ക് തിരിച്ചറിയാനായിട്ടില്ല. 
                     ചില ജീവിതങ്ങള്‍ മരണത്തില്‍ പോലും ഒരടയാളവും ബാക്കി വെക്കാതെനമ്മെ പ്രതിസ്ന്ധിയിലാക്കിക്കളയും. ഇപ്പോഴും ഉറക്കം വരാതെ കിടക്കുന്ന ചില രാത്രികളില്‍ മരണ ഗന്ധം വിട്ടുപോകാത്ത ദേശീയപാതയില്‍ പച്ചക്ക് കത്തിയമര്‍ന്ന ഒരു ജീവന്റെ നിലവിളി മറവിയില്‍ അലിഞ്ഞു തീരത്തെ എന്നെ പിന്തുടരുന്നു... 
( മാധ്യമം വാരധ്യപ്പതിപ്പ് -2007 മാര്‍ച്ച് )


No comments:

Post a Comment