Thursday, May 26, 2011

സ്നേഹം

ഇപ്പോള്‍ കാറ്റ് വന്നു വിളിക്കുമ്പോഴാണ്‌
കാടിന്റെ പച്ചയും 
പുഴയുടെ തണുപ്പും 
കടലിന്റെ ഉപ്പും 
ഞാനറിയുന്നത് 

നീ കൂടെയുണ്ടായിരുന്നപ്പോള്‍
ഇതെല്ലാം എന്നില്‍ തന്നെയായിരുന്നു...

Monday, May 23, 2011

മഞ്ചാടിക്കുരു

ഊഞ്ഞാലും
തൂക്കുകയറും
ഒരേ മരത്തില്‍ .
ഊഞ്ഞാലാടി കുട്ടിക്കൊതി നുള്ളിയവള്‍
ഇപ്പോള്‍
മരച്ചുവട്ടില്‍ മഞ്ചാടി പെറുക്കുകയാണ്. 
ആരുടെ ചങ്കിലെ ചോരയാണ് 
ഈ മഞ്ചാടികളെന്നു
അവള്‍ മരത്തോടോ
മരം, അവളോടോ ചോദിച്ചില്ല. 
ഇങ്ങേകൊമ്പില്‍
പഴന്തുണി പോലെ ഞാണ്കിടന്നു കാണുമ്പോള്‍ 
എല്ലാമൊരു തമാശ.
ചങ്ക് കൊത്തിപ്പറന്ന പക്ഷി 
എല്ലാ മരച്ചുവട്ടിലും മഞ്ചാടി വിതറി 
ചിറകു കുഴഞ്ഞിട്ടുണ്ടാവും 

ഇനിയൊരു കൈക്കുടന്നയിലേക്ക് കൂടി 
ബാക്കിയുണ്ടാവും 
അത്കൂടി കൊത്തിയെടുത്തിട്ടേ
ശവം നിലത്തെടുത്തു കിടത്താവൂ
ഇനിയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ 
അതെങ്കിലും വേണ്ടേ...?
(മെയ് 2011)

കാമുകന്‍

പറഞ്ഞു തോല്‍ക്കുന്നവന്‍ 
കവിതയില്‍ ജയിക്കും
ജയിക്കാന്‍ വരുന്നവന്‍
കവിതയാല്‍ പരിഹസിക്കപ്പെടും 
ഒറ്റവീര്‍പ്പില്‍ ഹൃദയം വായിക്കുന്നവന്‍ 
കവിതയിലും പ്രണയത്തിലും 
തിരസ്കൃതനാവും 
അവന്‌
ഉപമയും
ഉല്‍പ്രേക്ഷയുമുണ്ടാവില്ല. 
(മെയ്‌ 2011) 

പാസ്‌വേഡ്

അകത്തേക്ക് വരാന്‍ 
വാതിലുകളെല്ലാം തുറന്നു വെച്ചിരുന്നു 
പുറത്തേക്കുള്ള വഴി മാത്രം 
അവള്‍ രഹസ്യമായി സൂക്ഷിക്കുന്നു.
(മെയ്‌ 2011)

പിണക്കം

കടല്‍ മടുത്തതുകൊണ്ടല്ല,
തിരകള്‍ കരയിലേക്ക് വരുന്നത്-
ഇടയ്ക്ക്, കരയില്‍ തൊട്ടു മടങ്ങിയാലെ
കടലിന്റെ ആഴമറിയൂ....
(മെയ്‌ 2011)  

കവിത : ഇറച്ചി

                                                                                    പെയ്ന്റിംഗ് :സാല്‍വഡോര്‍ ദാലി

ഓരോ കവിതയിലും 
ചിതയില്‍ പൊട്ടുന്ന അസ്ഥികള്‍ പോലെ
എന്റെ വാക്കുകള്‍ കലഹിക്കും
ചാരമാവുന്നതിനു മുമ്പ് 
തീയോടും
കുഴിച്ചു മൂടുന്നതിനു മുമ്പ് 
കുഴിവെട്ടുകാരനോടും.

എന്റെ ചോരയും മാംസവും 
ഞാന്‍ ദാനം തന്നതാണ്.
പച്ച്ചക്കെടുത്തു
തീന്മേശയില്‍ വിളമ്പാം
ദൈവനാമത്തില്‍ വീതം വെച്ചു കഴിക്കാം
ചെമ്പ് കൊണ്ടുണ്ടാക്കിയ നഖങ്ങളാല്‍
മാറും മുഖവും മാന്തിപ്പൊളിക്കാം *
പക്ഷെ, 
കഴുമരത്തിലും
നിങ്ങളുടെ ചൂണ്ടുവിരല്‍ മാത്രമേ 
എനിക്ക് നേരെ ഉയര്‍ത്താനാവൂ
മൂന്നു വിരലുകള്‍ അപ്പോഴും 
നിങ്ങളുടെ നെഞ്ചിലേക്ക് തന്നെ 
പൊള്ളുന്ന ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരിക്കും.
*പരദൂഷണം പറയുന്നവരെ കുറിച്ചു വി.ഖുറാനിലെ ഉപമ.  
(2010)

Saturday, May 21, 2011

thonniaksharanghal: മുറിവ്

thonniaksharanghal: മുറിവ്

പിണറായിയുടെ മടിയില്‍ നിന്ന്‍ മര്‍ഡോക്കിന്റെ അടുക്കളയിലേക്ക്

അന്‍വര്‍ പലേരി
ല്ലാ തൊഴില്‍ മേഖലയിലെയും പോലെ മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ നല്ല അവസരങ്ങള്‍ തേടി മറ്റു സ്ഥാപനങ്ങളിലേക്ക് പോകുന്നത് സ്വാഭാവികം. എന്നാല്‍ ,ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തനം നടത്തുകയും ആദര്‍ശ നിഷ്ഠയുടെ പ്രതിച്ചായയുണ്ടാക്കി വലിയൊരു പ്രേക്ഷകസമൂഹത്തെ  സ്വന്തമാക്കുകയും ചെയ്തവര്‍ അതുവരെ പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനും കടകവിരുദ്ധമായി രൂപാന്തരപ്പെടുമ്പോഴാണ്‌ അതിനു വാര്‍ത്താ പ്രാധാന്യം ഉണ്ടാവുന്നത്. നഷ്ടത്തിലോടിയിരുന്ന കൈരളി ചാനലിനെ കോടികളുടെ ലാഭക്കണക്കുകളിലേക്ക് വളര്‍ത്തിയ ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ട്‌  റൂപര്‍ട്ട്  മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക് മാറിയപ്പോള്‍ പ്രേക്ഷകസമൂഹം അത്ഭുതപ്പെട്ടതും അരിശം കൊണ്ടതും അതുകൊണ്ടാണ്. 


                   കൈരളി ചാനലിന്റെ ഈ വിജയം ബ്രിട്ടാസിന്റെ  ഭരണമികവിന്റെ മാത്രം വിജയമായിരുന്നു എന്ന് അവിടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെങ്കിലും അത്രയെളുപ്പം അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, അരവയര്‍ പട്ടിണി കിടന്നും ഉടുമുണ്ട് മുറുക്കിയുടുത്തും ചാനലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ച പലരും ഇന്നവിടെയില്ല. അവര്‍ക്ക്, കൈരളി ചാനല്‍ പാവപ്പെട്ടവരെയും തൊഴിലാളി സമൂഹത്തെയും പ്രതിനിധീകരിക്കുന്ന ഒരു വലിയ ജനതയുടെ ആത്മാവിഷ്ക്കാരമായിരുന്നു. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനു പകരം പിണറായിയുടെ മാത്രം ആത്മസാക്ഷാല്‍കരത്തിന്റെ ദ്രിശ്യ വിന്യാസങ്ങളായി ചാനല്‍ മാറിയപ്പോഴും കച്ചവട മൂല്യമുള്ള ചാനല്‍ വിഴുപ്പുകള്‍ കൈരളിയിലൂടെ പ്രേക്ഷകരെ ഇക്കിളിയിട്ട് തുടങ്ങിയപ്പോഴും ഉള്ളില്‍ തട്ടി വേദനിച്ചത് ഈയൊരു വിഭാഗമാണ്. 
                    ചാനലിനു കൈവന്ന കോടികളുടെ ലാഭക്കണക്കുകള്‍ എണ്ണിപ്പറഞ്ഞു  രോമാഞ്ചം കൊള്ളുന്നവര്‍ ബോധപൂര്‍വം വിട്ടുകളയുന്ന ചില കാര്യങ്ങളുണ്ട്. ഈ ലാഭം എങ്ങിനെയുണ്ടായി? 
സാന്റിയാഗോ മാര്‍ട്ടിനും  കോര്‍പറേറ്റു കുത്തകകളും ഫാരിസ്‌ അബൂബക്കറുമൊക്കെയായി വിട്ട്‌ വീഴ്ച്ചയില്ലാതെ സന്ധിയുണ്ടാക്കിയതിന്റെ ഫലമായിരുന്നില്ലേ ഒരു പരിധി വരെ ഈ നേട്ടങ്ങള്‍ ? ബ്രിട്ടാസിന്റെ നിഷ്ഠയായ പ്രൊഫഷനലിസം ഈ വിജയങ്ങള്‍ക്ക് ശക്തമായ അടിക്കരുത്തു നല്‍കി എന്നത് സത്യം. പക്ഷെ കേരളത്തിന്റെ സാമൂഹിക- ധൈഷണിക ജീവിതത്തിനു സമരാര്‍ജിതമായ ഊക്കു പകര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ കണ്ണും കാതുമാവാന്‍ കൈരളി ചാനലിനു കഴിഞ്ഞിട്ടുണ്ടോ? വിജയേട്ടന്റെ മുതുകില്‍ കിടന്നാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് പറയുന്ന ബ്രിട്ടാസ്, വി.എസ് .എന്ന വന്ദ്യ വയോധികനായ മുഖ്യ മന്ത്രിയെ തേജോവധം ചെയ്യാന്‍ എങ്ങിനെയൊക്കെ ചാനലിനെ ഉപയോഗപ്പെടുത്തിയെന്നു ആ ചാനല്‍ സ്ഥിരമായി കാണുന്നവര്‍ക്കറിയാം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റില്ല എന്ന വാര്‍ത്ത ആദ്യം ഫ്ലാഷ് ചെയ്തത് പിണറായിയുടെയും ബ്രിട്ടസിന്റെയും കൈരളി ചാനല്‍ ആയിരുന്നു. അങ്ങിനെയൊരു ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും അതെല്ലാം പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാണ്  എന്നുമായിരുന്നു പാര്‍ട്ടി നേതാക്കള്‍ ഇതിനെക്കുറിച്ചു പറഞ്ഞത്. ഇതില്‍ എവിടെയായിരുന്നു കൈരളിയുടെ സ്ഥാനം? പിണറായിയുടെ കുശിനിയില്‍ വേവിച്ചെടുത്ത ഗ്രൂപ്പ് താല്പര്യങ്ങള്‍ മാത്രമാണ് കൈരളി ചാനലില്‍ വാര്‍ത്തകളായി വന്നിരുന്നത് എന്നല്ലേ ഇതിന്റെ അര്‍ത്ഥം?
                   നഷ്ടങ്ങളില്‍ നിന്ന് കോടികളിലേക്ക് വളര്‍ന്ന കൈരളിയുടെ സാമ്പത്തിക നേട്ടങ്ങള്‍ എണ്ണിപ്പറയുന്നവര്‍ ചാനലിന്റെ മണ്ണും വളവുമായി കൂടെ നിന്ന മറ്റു മാധ്യമ പ്രവര്‍ത്തകരുടെ അഭിവൃദ്ധിയെക്കുറിച്ചു  ചിന്തിച്ചിട്ടുണ്ടോ? ഇടതുപക്ഷ പ്രത്യയ ശാസ്ത്രം മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന എത്ര മിടുക്കന്മാരാണ് കൈരളി വിട്ട്‌ മറ്റു ചാനലുകളിലേക്ക് പോയത്? ചാനലുണ്ടാക്കിയ ലാഭത്തില്‍ നിന്ന്‍ ഒരു ശതമാനമെങ്കിലും അവരുടെ അഭിവൃദ്ധിക്കായി നീക്കി വെച്ചു അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മെച്ചപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചോ? ബ്രിട്ടാസിന്റെ നേട്ടങ്ങള്‍ പരിഗണിക്കുന്നത്   ഇതെല്ലാം കൂടി   ഉള്‍പെടുത്തിയിട്ടവണ്ടേ?ശക്തമായ ഒരു പ്രത്യയ ശാസ്ത്ര പിന്‍ബലത്തില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ആത്മാവിഷ്കാരമെന്ന നിലയില്‍ ആരംഭിച്ച കൈരളി ചാനല്‍ ലാഭനഷ്ടങ്ങള്‍ വിലയിരുത്തുബോള്‍ ഈ കാര്യങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതാണ്. 
                   കോര്‍പറേറ്റു കുത്തകകളെയും മര്‍ഡോക്ക് എന്ന മാധ്യമ മുതലാളിയെയും ഇത്രയധികം വിമര്‍ശിച്ച മറ്റൊരു മാധ്യമ പ്രവര്‍ത്തകനും സമീപകാലത്ത്  കേരളത്തില്‍ ഉണ്ടായിട്ടില്ല. ചെകുത്താന്‍ കുത്തിയ കുഴിയില്‍ ചെകുത്താനെ മുളക്കൂ എന്ന് പറഞ്ഞ പോലെ സഖാവ് പിണറായി വിജയന്‍ കാറും ആശീര്‍വാദവും കൊടുത്തു ബ്രിട്ടാസിനെ യാത്രയാക്കിയത് മര്‍ഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക്. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന പ്രതിച്ചായകളുടെ പൊള്ളത്തരം മനസിലാക്കാനെങ്കിലും ഈ വാര്‍ത്ത ഉപകരിക്കട്ടെ.
-(കവര്‍ സ്റ്റോറി )

Friday, May 20, 2011

പരസ്പരം

ചേര്‍ന്ന് നടന്നതിനാല്‍ 
ഒപ്പമെത്താന്‍ ശ്രമിച്ചില്ല
ഒരുമിച്ചിറങ്ങിയതിനാല്‍
സ്ഥലവും സമയവും പറഞ്ഞില്ല
നെഞ്ചിലെ തളിരായതിനാല്‍
ഇടക്കിടെ പുറത്തെടുത്ത്
വെള്ളവും വെളിച്ചവും കൊടുത്തില്ല
ശ്വാസവേഗം പോലും
ഹൃദയം കൊണ്ട് വായിച്ചതിനാല്‍ 
ഇടക്കിടെ ചേര്‍ത്തു പിടിച്ച് 
കൂടെയുണ്ടെന്ന് ഉറപ്പു വരുത്തിയില്ല. 

ഇപ്പോള്‍
ഒരാള്‍ മുന്നിലും
ഒരാള്‍ പിന്നിലും.            
-21.05.2011

മുറിവ്


painting : Bruce Combs

വാക്ക് കൊണ്ടു മുറിവേല്‍ക്കുമ്പോള്‍
ഹൃദയം കൊണ്ടു തുന്നിച്ചേര്‍ക്കുന്നതാണ് പ്രണയം.
ഓര്‍ത്തെടുക്കാന്‍ തിരുമുറിവുകളൊന്നും അവശേഷിക്കുന്നില്ലെങ്കില്‍
പ്രണയവും
വിട്ടു പോയ കവിത പോലെ 
അനാഥമാവും.
-19.05.11
 

Thursday, May 19, 2011

നന്മയുടെ നാള്‍വഴികള്‍

ലിങ്ക്. : http://youtu.be/VqDgkgFyvWM



കാഴ്ചയിലെ വ്യാകുലതകള്‍

നിഷാജ് കെ.എന്‍ 
എല്ലാ   തരം കാഴ്ചകളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണുള്ളവരുടെ  ലോകത്ത് നിന്നും ചില കാഴ്ചകള്‍ നമ്മെ അസ്വസ്ഥരാക്കാറുണ്ട്.
ശബ്ദങ്ങളിലൂടെ മാത്രം ചുറ്റുപാടുകളോട് സംവദിക്കുന്ന ജീവിതം കാഴ്ചയില്ലാത്തവരുടെ ലോകമാണ്. പതിഞ്ഞു കേള്‍ക്കുന്ന വളരെ ചെറിയ കാലൊച്ചകള്‍ പോലും ഞൊടിയിടയില്‍ പ്രതികരണക്ഷമമാക്കുന്ന സംവേദനക്ഷമത കൊണ്ടാണ് ജന്മനാ കഴ്ച്ചയില്ലാത്തവര്‍ ചുറ്റുമുള്ള ജീവിതത്തെ തൊട്ടറിയുന്നത്‌. എല്ലാതരം കാഴ്ചകളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണുള്ള വരുടെ ലോകത്ത് നിന്ന് ചില കാഴ്ചകള്‍ നമ്മെ അസ്വസ്ഥരാക്കാരുണ്ട്. ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ നിന്ന് രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ട്ടപ്പെടുന്നവരുടെ വേദനകള്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി ശമനം തേടുകയാണ് കുറ്റ്യാടിയിലെ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് .പ്രചാരണത്തിന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ, നന്മ നടത്തിവരുന്ന നിശബ്ദ സേവനത്തിന്റെ മൂന്നാണ്ടുകളെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തകനായ അന്‍വര്‍ പാലേരി സംവിധാനം ചെയ്തു നിര്‍മിച്ച 'നന്മയുടെ നാള്‍വഴികള്‍ ' അതുകൊണ്ട് തന്നെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
          എല്ലാ വിധ ജീവിത ഐശ്വര്യങ്ങളിലും നീന്തിത്തുടിക്കുമ്പോഴും നിറം കെട്ടുപോയ ജീവിതത്തിന്റെ ചുമടു ഭാരവുമായി ചിലര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് സംവിധായകന്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.നന്മയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലുപരി, ബാഹ്യലോകത്തിന്റെ ശ്രദ്ധയും സഹായവും അടിയന്തിരമായി എത്തിച്ചേരേണ്ട ഏതാനും ദുരിത ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങളിലേക്കാണ് ഈ ദൃശ്യങ്ങള്‍ നമ്മെ നയിക്കുന്നത്.
                   അര്‍ബുദ രോഗം ബാധിച്ചു വര്‍ഷങ്ങളായി കിടപ്പിലായവര്‍ മുതല്‍ വൈദ്യ ശാസ്ത്രത്തിനു ഇന്നേവരെ കണ്ടു പിടിക്കാനാവാത്ത അഞാത രോഗവുമായി മല്ലടിക്കുന്നവര്‍ വരെ വര്‍ണാഭമായ നമ്മുടെ ജീവിത പരിസരങ്ങളില്‍  ആരോരുമറിയാതെ കിടക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ഈ ചിത്രം കാണുന്ന ചിലരിലെങ്കിലും കുറ്റബോധമുണ്ടാക്കും. ഇങ്ങിനെയൊരു സംരംഭത്തിന് മുന്നിട്ടിറങ്ങി യവരും സംവിധായകനും ആത്യന്തികമായി ഉദ്ദേശിച്ചതും  ഇതു തന്നെന്നെയായിരിക്കണം. 
                    ദൈവത്തിന്റെ ഭൂമിയില്‍ മനുഷ്യരായി ജീവിക്കാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യത സഹജീവികളുടെ വേദന അടുത്തറിയുക മാത്രമാണ്. വര്‍ത്തമാനത്തിലെ ഒട്ടൊക്കെ അശ്ലീലമായ ഉപഭോഗ ശീലങ്ങളെ സ്വയം പരിഹസിക്കുന്ന ദ്രിശ്യങ്ങളായി വിന്യസിച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നന്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും വ്യപിപ്പിക്കേണ്ടതാണെന്ന സന്ദേശവും 'നന്മയുടെ നാള്‍വഴികള്‍ 'ക്ക് പിറകിലുണ്ടെന്നു ചിത്രം കണ്ടാല്‍ ബോധ്യപ്പെടും.
അല്‍പ ഭാഗം കാണാം .ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
(മാധ്യമം വരാദ്യപ്പതിപ്പ്.-2007 മേയ് .

ഇശലുകളുടെ ചക്രവര്‍ത്തി ടി ഉബൈദ് ഡോക്യുഫിക്ഷന്‍ / ഇഖ്‌റഅ

മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്ക് കേരള സാഹിത്യത്തില്‍ അര്‍ഹമായ ഇടം നേടിക്കൊടുത്ത കവിയാണ് ടി ഉബൈദ്. മാപ്പിള സമൂഹം ഏറ്റുചൊല്ലിയ ഇശലുകളലിലെ സാഹിത്യവും സംസ്‌കാരവും ബഹുഭഷാ സമന്വയവും പൊതു സമൂഹത്തിന് മുന്നില്‍ ഉബൈദ് തുറന്ന് വെച്ചു. ഉബൈദ് നല്‍കിയ വെളിച്ചമാണ് പിന്നീട് മാപ്പളപ്പാട്ടുള്‍പ്പെടെയുള്ള മാപ്പിള കലകളുടെ കേരളത്തിലെ വളര്‍ച്ചക്ക് അടിത്തറയിട്ടത്. ഉബൈദിന്റെ ജീവ ചരിത്രം ആസ്പദമാക്കി അന്‍വര്‍ പാലേരി ഒരുക്കുന്ന ഡോക്യുഫിക്ഷനാണ് ‘ഇഖ്‌റഅ’. കാസര്‍കോഡ് ബാംഗ്‌സണ്‍ മീഡിയാ ക്രിയേഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ പാലേരിയും ബക്കര്‍ മുഹമ്മദുമാണ് തിരക്കഥ തയ്യാറാക്കിയത്. ക്യാമറ റഫീഖ് റശീദ് നിര്‍വഹിച്ചു.
മാപ്പിളപ്പാട്ടിന് ഇന്ന് കാണുന്ന ജനകീയത നല്‍കിയത് ഉബൈദാണന്ന് ഡോക്യുഫിക്ഷന്‍ പറയുന്നു. അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമം. മലയാള സാഹിത്യത്തില്‍ മുസ്‌ലിംകളുടെ സംഭാവനയെന്തെന്നുള്ള തിരിച്ചറിവ് തുടങ്ങിയവയായിരുന്നു ഉബൈദിനെ വ്യത്യസ്തനാക്കിയത്.
ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന പഴയ കാസര്‍കോട് താലൂക്കിലെ തളങ്കരയില്‍ 1908 ഒക്ടോബര്‍ 7 ന് പള്‍ലിക്കാലില്‍ ജനിച്ച ടി അബ്ദുറഹ്മാന്‍ ഉബൈദെന്ന പേരിലാണ് വിഖ്യാതനായത്. കന്നഡയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യഭ്യാസം. ആദ്യം പാട്ടുകളെഴുതിയിരുന്നതും കന്നഡയില്‍ തന്നെയായിരുന്നു. അറബി സ്വായത്തമായപ്പോള്‍ അറബിയിലെ ബൈത്തുകളുടെ മാതൃകയില്‍ കവിതകള്‍ എഴുതി. തുണിക്കച്ചവടക്കാരനായിരുന്ന പിതാവിന്റെ കടകളിലെ ലേബലുകളില്‍ നിന്നുള്ള പേരുകള്‍ നോക്കിയാണ് മലയാളം പഠിച്ചത്.
മാപ്പിളപ്പാട്ടിനെ ജനകീയ വത്കരിച്ച അദ്ദേഹം മലയാള സിനിമാ ഗാന ശാഖയിലേക്ക് മാപ്പിള ഈരടികളെ ലയിപ്പിച്ചു. അങ്ങിനെയാണ് പി ഭാസ്‌കരനെഴുതിയ, മലയാള സിനിമാ ലോകം എക്കാലവുമോര്‍ക്കുന്ന കായലരികത്ത് ഉള്‍പ്പെടെയുള്ള മാപ്പിള ഗന്ധമുള്ള ഗാനങ്ങളുണ്ടായത്.
1947ലെ കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഉബൈദ് നടത്തിയ പ്രഭാഷണം ചരിത്രത്തില്‍ ഇടം നേടി. കെസ്സു പാടാന്‍ ക്ഷണിച്ചവരോട് സദസ്സില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു പ്രഭാഷണത്തിന് അവസരം നല്‍കണമെന്നു ഉബൈദ് ആവശ്യപ്പെടുകയായിരുന്നു. എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആ പ്രഭാഷണം. മാപ്പിളപ്പാട്ട് ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവായിരുന്നു അത്.
അപൂര്‍വ്വമായ മാപ്പിളപ്പാട്ടു വരികള്‍ ഉബൈദ് പാടിയപ്പോള്‍ സദസ് അത്ഭുത പരതന്ത്രരായി അത് കേട്ടിരുന്നു. മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത് അതിന് ശേഷമാണ്. മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്ന ജി ശങ്കരക്കുറുപ്പിന്റെ പ്രഖ്യാപനം ഉബൈദിന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരമായിരുന്നു.
ചന്ദ്രക്കല, ഗാനവീചി, നവരത്‌നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, തിരഞ്ഞെടുത്ത കവിതകള്‍, മാലിക് ദീനാര്‍, മുഹമ്മദ് ശെറൂല്‍, ഖാസി അബ്ദുള്ള ഹാജി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍വള്ളത്തോള്‍ കവിതകള്‍ കന്നടയില്‍ (വിവര്‍ത്തനം) എന്നിവ കൃതികളാണ്. നാലു കൃതികള്‍ കന്നഡയിലുമായി ഉബൈദിന്റേതായി ഉണ്ട്.
കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം, കേരള കലാമണ്ഡലം മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
പ്രൈമറിസ്‌കൂള്‍ ഹെഡ്മാസ്റ്ററായി 1969ല്‍ വിരമിച്ച ഉബൈദ് 1972 ഒക്ടോബര്‍ മൂന്നിന് ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 1974ല്‍ കാസര്‍കോട് നടന്ന സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 34ാം സമ്മേളനം അദ്ദേഹത്തിനാണ് സമര്‍പിച്ചത്.
‘ഇഖ്‌റഅ’എന്ന ഡോക്യുഫിക്ഷന്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുകയാണ്. മഹാനായ സാഹിത്യകാരന്‍ ടി ഉബൈദിന്റെ ജീവിതം ചിത്രമായി മുന്നിലെത്തുമ്പോള്‍ അത് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാകുന്നു.



Wednesday, May 18, 2011

ഓര്‍മ്മ : ഹെയര്‍പ്പിന്‍ വളവിലെ ഒറ്റമരം


Aldous Huxeley സിദ്ധ പുരുഷന്മാരുടെ ദാര്‍ശനിക പശ്ച്ചാത്തലം   അടിസ്ഥാനമാക്കി  എഴുതിയ പുസ്തകത്തില്‍ ,മരണാനുഭവങ്ങളുടെ ഭൌതിക പ്രകാശനങ്ങളെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആത്മ പ്രപഞ്ചത്തില്‍ മരണം അതിന്റേതായ ഇടം കണ്ടെത്തുന്ന നിപുണതയെ ജീവിതാരംഭത്തില്‍ നിന്ന് ജീവിതാന്ത്യത്തിലെക്കുള്ള  വ്യത്യസ്തതകള്‍ നിറഞ്ഞ ഒരായിരം ചുവടു വെപ്പുകളായി അദ്ദേഹം നിരീക്ഷിക്കുന്നു. മനുഷ്യ ജീവന്‍ ഗര്‍ഭ പാത്രത്തില്‍ ഉയിരെടുത്തു, പത്തോ അമ്പതോ വര്‍ഷങ്ങള്‍ക്കു ശേഷം സാമാന്യ രീതിയില്‍ പ്രാണന്‍ വിട്ടു പോകുന്നത് വരെയുള്ള ജീവിത കാലങ്ങളില്‍ ഏതൊക്കെ തരത്തിലുള്ള മരണ സാധ്യതകളിലൂടെയായിരിക്കും കടന്നു പോയിട്ടുണ്ടാവുക..?  മരണം ജീവിതത്തിന്റെ നിഴലാണോ ഇക്കാണുന്ന ജീവിതം പണ്ടെന്നോ സംഭവിച്ച മരണത്തിന്റെ നിഴലാണോ എന്നൊന്നും തീര്‍പ്പ് കല്‍പ്പിക്കുക വയ്യ. ഒരുകാര്യം ഉറപ്പാണ്. സ്വോച്ഛമായ ജീവിതത്തിനും ഇടക്കിടെ മുറിഞ്ഞു വീഴുന്ന ആപല്‍സൂചനകള്‍ക്കുമിടയില്‍ മരണം സമര്‍ത്ഥമായ ചില ഒളിച്ചുകളികള്‍ നടത്തുന്നുണ്ട്. ജീവിച്ചിരിക്കുക എന്ന  അന്ശ്ച്ചിതത്തത്തെക്കാള്‍ പതിന്മടങ്ങാണ് മരിക്കാനുള്ള സാദ്ധ്യതകളെന്ന നിഗമനത്തിനു അതുകൊണ്ട് തന്നെ സാധ്യത ഏറെയാണ്‌. ജീവിതത്തിന്റെ ഓരോ മുക്ക് മൂലയിലും ദുര്‍നിമിത്തങ്ങളുടെ കറുത്ത പൊതിയുമായി മരണം അനുചിത നിമിഷങ്ങല്‍ക്കായി കാത്തിരിക്കുന്നുണ്ട്.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് , മധുരക്കും കോയമ്പത്തുരിനുമിടക്കുള്ള ബസ് യാത്രക്കിടെ, മരണ മുഖത്തു നിന്ന്  എന്നെ ജീവിതത്തിന്റെ പച്ചത്തഴപ്പുകളിലേക്ക് വലിച്ചിഴച്ച തമിഴന്റെ മുഖം എനിക്കിപ്പോഴും ഓര്‍മയുണ്ട്. പരിഷ്ക്കാരത്തിന്റെ  നാട്യങ്ങളൊന്നുമറിയാത്ത ആ തമിഴന്‍ ,കത്തിയമര്‍ന്ന ബസ്സിനൊപ്പം ഒറ്റയാളലില്‍ തീര്‍ന്നുപോയപ്പോള്‍ തന്റെ ജീവിതത്തിനു ഇങ്ങിനെയൊരു പകരക്കാരനുണ്ടാവുമെന്നു ചിന്തിച്ചിരിക്കില്ലല്ലോ. അല്ലെങ്കിലും ഒരു മരണം മറ്റൊരു മരണത്തിനു പകരം നില്‍ക്കുമോ..? 
ശിവകാശിയില്‍ നിന്ന് കോഴിക്കോട്ടേക്കാണ്‌  യാത്ര..മധുരയില്‍ ചെന്നാല്‍ ഓരോ അഞ്ചു മിനുട്ടിലും ബാസ്സുണ്ടാവുമെന്നു തമിഴകത്തിന്റെ വ്യാകരണം നന്നായറിയാവുന്ന സുഹ്രത്ത് പറഞ്ഞതനുസരിച്ച് പുറപ്പെട്ടു.ശിവകാശിയില്‍ നിന്ന് മധുര വരെ വന്നു എന്നെ യാത്രയാക്കാന്‍ അവനും തീരുമാനിച്ചു. ആവശ്യ മുണ്ടായിട്ടല്ല, ഞങ്ങള്‍ക്കിടയിലെ സൌഹൃദത്തിന്റെ ഇഴയടുപ്പം അത്രയ്ക്ക് തീവ്രമായിരുന്നു.
ഉച്ചയോടെ ഞങ്ങള്‍ മധുരയിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റിലെത്തി.ചായ കുടിച്ചു. പുറപ്പെടാനൊരുങ്ങി നിന്ന ബസ്സില്‍ കയറി ഇരുന്നെങ്കിലും ഇടമുറിയാതെ സംസാരിച്ചു കൊണ്ട് അവന്‍ ബസ്സിനു പുറത്തു എന്നോടു ചേര്‍ന്നുതന്നെ നില്‍പ്പുണ്ടായിരുന്നു. ഇടക്കെപ്പോഴോ മുഷിഞ്ഞു നാറിയ കാക്കി  നിക്കറും മുറുക്കാന്‍ കറ പറ്റിയ ടീ ഷര്‍ട്ടുമിട്ട് ഒരു തമിഴന്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുറപ്പിച്ചു . സമാന്യത്തിലധികം കുടവയറും മറ്റുള്ളവര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന വിധം അംഗ ചലനങ്ങളുമായി ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ എന്നില്‍ അസഹിഷ്ണുത വളര്‍ത്തിയിരുന്നു. കഷ്ടിച്ച്  രണ്ടു പേര്‍ക്കിരിക്കാവുന്ന സീറ്റിന്റെ വലിയൊരു ഭാഗവും അയാള്‍ കയ്യടക്കിയിരുന്നു. ശരിക്കും ഞെങ്ങി ഞെരുങ്ങി ,ശ്വാസം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി  എന്റെ ഇരിപ്പ്. അയാളാവട്ടെ, ഒരു ദീര്‍ഘ യാത്രയുടെ മുന്നോരുക്കത്തില്‍ വകവെച്ചു കിട്ടിയ സ്വാസ്ഥ്യം ശരിക്കും ആസ്വദിക്കുന്നതുപോലെയാണ്  എനിക്ക് തോന്നിയത്. 
                   കൃഷിയും കന്നുകാലികളും മാത്രമായി കഴിയുന്ന ഒരു സാധാരണ തമിഴ് ഗ്രാമീണന്റെ മുഖമായിരുന്നു അയാള്‍ക്ക്. ഇതിനിടെ കയ്യിലെ മുറുക്കാന്‍ പൊതി അഴിച്ചു സവിസ്തരം വായിലേക്ക് തിരുകിയതും കറപിടിച്ച പുകയിലപ്പല്ലുകള്‍ക്ക് പിറകില്‍ ഒരു ചുവന്ന കടല്‍ രൂപപ്പെട്ടതും ഞാനറിഞ്ഞില്ല. മനം മടുപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെ ആ വലിയ ശരീരം എനിക്ക് മുന്നിലൂടെ തല പുറത്തേക്ക് നീട്ടിയപ്പോള്‍ പുറത്തു നിന്നിരുന്ന സുഹ്രത്ത് തുപ്പല്‍ ദേഹത്ത് വീഴാതിരിക്കാന്‍ അഭ്യാസിയെപ്പോലെ ഒഴിഞ്ഞു മാറുന്നത് കണ്ടു. സാമ്പാറും പാല്‍ക്കായവും വെന്തു കലങ്ങിയ വല്ലാത്തൊരു ഗന്ധമായിരുന്നു അയാളുടെ ദേഹത്തിനു.അഞ്ചോ പത്തോ മിനുട്ട് നേരത്തെക്കല്ല ,മണിക്കൂറുകള്‍ നീളുന്ന യാത്രയിലുടനീളം അയാളെ സഹിക്കേണ്ടി വരുന്നതലോചിച്ചപ്പോള്‍  മനസ്സിലൊരു കൊള്ളിയാന്‍ പാഞ്ഞു. പുറപ്പെട്ടു തുടങ്ങിയ ബസ്സില്‍ നിന്നും ഒരു വിധത്തില്‍ പുറത്തേക്ക് ചാടിയപ്പോള്‍ ബസ്സിനു നേരെ കൈ വീശിക്കാണിച്ചു കൊണ്ട് സുഹ്രത്ത് അവിടെത്തന്നെയുണ്ട്‌. അല്പം കഴിഞ്ഞ്‌, തൊട്ടു പിറകെയുള്ള ബസ്സില്‍ കയറി ഞാന്‍ എന്റെ വഴിക്കും അവന്‍ അവന്റെ വഴിക്കും യാത്ര തുടങ്ങി...
            തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിഴലുകള്‍ ചഞ്ഞു തുടങ്ങിയിരുന്നു.ദേശീയ പാതയുടെ അരികുപറ്റി, ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന കാളവണ്ടികള്‍ മന്ദഗതിയിലായി. എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിയതെന്നറിയില്ല. ഉച്ചത്തിലുള്ള നിലവിളികള്‍ കേട്ടാണ് ഉണര്‍ന്നത്. തൊട്ടു മുന്നിലിരുന്ന സ്ത്രീകള്‍ പരസ്പരം കെട്ടിപ്പിടിച്ചു പുറത്തേക്ക് നോക്കി നിലവിളിക്കുന്നു. വാഹനങ്ങളുടെ നീണ്ട നിരക്കപ്പുറം കരിമല കണക്കെ ഉയര്‍ന്നു നില്‍ക്കുന്ന പുകപടലങ്ങള്‍ .....നിലവിളികള്‍ക്കൊപ്പം കത്തിയമരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്ന് ഒരാളെപ്പോലും ജീവനോടെ രക്ഷപ്പെടുത്താനാവാതെ അന്താളിച്ച് നില്‍ക്കുന്ന ജനം.....ആര്‍ത്തിയോടെ കത്തിപ്പടരുന്ന തീ നാളങ്ങള്‍ക്കരികിലേക്ക് ആര്‍ക്കും അടുക്കാനാവുന്നില്ല. നിമിഷാര്‍ധത്തില്‍ മരണം ഒരുപാടു പച്ച ശരീരങ്ങളെ പ്രതികാര ബുദ്ധിയോടെ നക്കിത്തുടക്കുന്നത് നിസ്സംഗരായി  നോക്കി നില്‍ക്കുകയെ നിവര്‍ത്തിയുള്ളൂ. നിസ്സഹായത മനുഷ്യന്റെ അഹങ്കരങ്ങളെ   മണല്‍തരിയോളം ചെരുതാക്കികളഞ്ഞതിന്റെ  പകപ്പ്  ഓരോ മുഖങ്ങളിലും തെളിഞ്ഞു കാണാമായിരുന്നു. അഗ്നിശമന യന്ത്രങ്ങള്‍ നാലു ഭാഗത്ത് നിന്നും വെള്ളം ചീറ്റിക്കഴിഞ്ഞപ്പോള്‍ ജീവന്റെ നേര്‍ത്തൊരു നെടുവീര്‍പ്പു പോലും ബാക്കി വെക്കാതെ നാല്പത്തിരണ്ട് കത്തിക്കരിഞ്ഞ മൃത ദേഹങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് റോഡരികില്‍ എടുത്തു കിടത്തി.
                   കോയമ്പത്തുരിലേക്ക്  നാഴികകള്‍ മാത്രം ബാക്കി നില്‍ക്കെ സുല്ലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ ആ അപകടത്തില്‍ ഒരാള്‍ പോലും ജീവനോടെ അവശേഷിച്ചില്ല .  ഫോറെന്‍സിക് വിധഗ്ദ്ധരുടെ  സഹായത്തോടെയാണ് മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞതെന്നു പിറ്റേന്ന് പത്രങ്ങളില്‍ വായിച്ചു.ഞങ്ങള്‍ക്ക് തൊട്ടുമുന്നില്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.എങ്കില്‍ ആ തമിഴന്‍...? അയാള്‍ വഴിക്ക് ഇറങ്ങിപ്പോയിട്ടുണ്ടാവുമോ..? ഇല്ലെങ്കില്‍ ...? ആവൂ..ഞാന്‍ രക്ഷപ്പെട്ടല്ലോ എന്ന്  സമാധാനിക്കുമ്പോഴും എന്നെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ പഠിപ്പിച്ച ആ തമിഴ് മുഖം അത്രയെളുപ്പം മനസ്സില്‍ നിന്ന് പോകുമോ? വിങ്ങിപ്പൊട്ടുന്ന കാഴ്ചകള്‍ക്ക് നടുവിലും വല്ലാതെ വരണ്ടു പോകുന്ന മിഴിരണ്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്ക് നടുവില്‍ ആ തമിഴനെ അന്വേഷിച്ചിരുന്നില്ലേ...? പക്ഷെ എനിക്ക് തിരിച്ചറിയാനായിട്ടില്ല. 
                     ചില ജീവിതങ്ങള്‍ മരണത്തില്‍ പോലും ഒരടയാളവും ബാക്കി വെക്കാതെനമ്മെ പ്രതിസ്ന്ധിയിലാക്കിക്കളയും. ഇപ്പോഴും ഉറക്കം വരാതെ കിടക്കുന്ന ചില രാത്രികളില്‍ മരണ ഗന്ധം വിട്ടുപോകാത്ത ദേശീയപാതയില്‍ പച്ചക്ക് കത്തിയമര്‍ന്ന ഒരു ജീവന്റെ നിലവിളി മറവിയില്‍ അലിഞ്ഞു തീരത്തെ എന്നെ പിന്തുടരുന്നു... 
( മാധ്യമം വാരധ്യപ്പതിപ്പ് -2007 മാര്‍ച്ച് )


Tuesday, May 17, 2011

ഉപ്പിലിട്ടത്

അടുക്കളയിലെ
ബല്‍ജിയം ഭരണിയില്‍ നിന്ന്
ആദ്യ രാത്രിയില്‍ നിന്നെ പുറത്തെടുക്കുമ്പോള്‍
ഉപ്പും മുളകും
ഒട്ടും പിടിച്ചിരുന്നില്ല

എല്ലായിടത്തും
ഉപ്പു വെള്ളം സ്നിഗ്ദ്ധമായൊഴുകാന്‍
ഒരിക്കല്‍ കൂടി മുക്കിയെടുക്കാമായിരുന്നു
കണ്ണില്‍ ഉപ്പുവെള്ളം കയറിയപ്പോഴാവണം
നീയൊന്നു പിടഞ്ഞു
എരിവു പിടിക്കാതെയുള്ള നിന്റെ പിടച്ചില്‍
എന്റെ ഉള്ളുലച്ചു

ഇനി നീ
ഭരണിയില്‍ക്കിടന്നു തന്നെ
അലിഞ്ഞു കൊള്ളുക

വിളക്കണച്ചു
ഞാന്‍ കിടക്കയിലേക്ക് ചരിഞ്ഞപ്പോള്‍
കാല്‍ക്കീഴിലൊരു നെല്ലിക്ക ....
ഉപ്പും മുളകും പിടിക്കാതെ
അതെന്റെ കാല്‍ക്കീഴിലൂടെ
ഉരുണ്ടുരുണ്ടങ്ങിനെ....
(2006 -മാധ്യമം വാരാദ്യ പ്പതിപ്പ് )




  

ജന്മദോഷം


ഉരച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളികള്‍
ബസ്സ്റ്റാന്റില്‍
നാല്‍ക്കവലയില്‍
പുകയുന്ന സിഗരറ്റിനൊപ്പം
ആഷ്ട്രേയില്‍
അങ്ങിങ്ങ് തുളകള്‍ വീഴ്ത്തി 
സ്വീകരണ മുറിയിലെ 
പരവതാനിയില്‍
മൂത്രപ്പുരയില്‍
ഫുട്പാത്തില്‍ 
ഈച്ചക്കും ചില്ലറത്തുട്ടുകള്‍ക്കുമൊപ്പം
പിച്ചക്കാരന്റെ തകരപ്പാട്ടക്കരികില്‍ 

തീവണ്ടിയിലെ
ലോക്കല്‍ കമ്പാര്‍ട്ട്മെന്റില്‍
മീന്‍ മുള്ളും തുപ്പലും നിറഞ്ഞ 
കള്ളുഷാപ്പിലെ പൊടിമണ്ണില്‍
തലകരിഞ്ഞും 
ഉടല്‍ പാതി വെന്തും 
ഒരു ചിതയിലുംഎരിഞ്ഞു തീരാതെ....

ഒറ്റയാള ലില്‍ ജീവിതം തീര്‍ത്തതിനു 
നാം കൊടുത്ത ശിക്ഷ....
-2002 


ജീവിതം : എനിക്കും നിനക്കും

ഉപ്പ്
മുളക്
വെളുത്തുള്ളി
കറുവപ്പട്ട
ഒരു കഷണം ഇറച്ചിയില്‍ നിന്ന്
ഓരോന്നിന്റെയും രുചി 
ഇറങ്ങിപ്പോയി

ഉപ്പ് 
കടലിലേക്കും
മറ്റിനങ്ങള്‍
ഇപ്പോഴില്ലാത്ത 
തോട്ടങ്ങളിലേക്കും.

ചവ്ക്കാനെടുത്ത ഇറച്ചി
നാവിനോടു പറഞ്ഞു-
നമ്മളെന്നും 
ഒരൊറ്റ ജീവിതം
അറവുകാരന്‍
മാറ്റി മുറിച്ച പണിത്തരം

കൂട്ടുകാരാ 
കുടിക്കാനിത്തിരി 
വെള്ളം താ....   

പരസ്യ സിനിമ

കസ്റ്റമര്‍ : ലീലാജ് ഹെര്‍ബല്‍ പില്ലോ 
ആശയം, സംവിധാനം : അന്‍വര്‍ പലേരി 
കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
http://youtu.be/yqx0hBKoOg4

ടി .ഉബൈദിനെ അനശ്വരനാക്കി പാചകക്കാരന്‍ ഉസ്മാന്‍


കുറ്റ്യാടി : ഉത്തര കേരളത്തില്‍ നിന്ന് മലയാള സാഹിത്യത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ മഹാകവി ടി. ഉബൈദിനെ അഭ്രപാളികളില്‍ അനശ്വരനാക്കാന്‍ പാചകക്കാരന്‍ ഉസ്മാന്‍. കവിയും അധ്യാപകനും സാമൂഹിക പരിഷ്ക്കര്‍ത്താവുമായിരുന്ന ഉബൈദിന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കി അന്‍വര്‍ പാലേരി സംവിധാനവും സുഹൈല്‍ ബാങ്ങ്സന്‍ നിര്‍മാണവും നിര്‍വഹിച്ച ഡോക്യു മെന്ററി സിനിമയിലാണ് കുറ്റ്യാടിയിലെ പാചകത്തൊഴിലാളി ഓരത്ത് മാവുള്ള ചാലില്‍ നാല് സെന്റു കോളനിയിലെ പുളെക്കുന്നു ഉസ്മാന്‍ (66 ) ഉബൈദിന്റെ വേഷമിടുന്നത്. 
ജീവിതത്തിലോരിക്കലും കാമറക്കുമുന്നില്‍ പ്രത്യക്ഷപ്പെടാത്ത ഉസ്മാനെ സംവിധായകനായ അന്‍വര്‍ അവിചാരിതമായി കണ്ടെടുക്കുകയായിരുന്നു. സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരെ ഒഴിവാക്കി ഉസ്മാനെ തെരഞ്ഞെടുക്കാന്‍ കാരണം ഉബൈദുമായി ഉസ്മാനുള്ള രൂപസാദ്രിശ്യം തന്നെ. ഉബൈദിന്റെ ജന്മനാടായ കാസര്‍കോട്ടെ തലങ്കരയിലെത്തിയ ഉസ്മാനെ കണ്ടമാത്രയില്‍ ഇത് തങ്ങളുടെ 'ഉബൈച്ച'എന്ന്  നാട്ടുകാര്‍ പറഞ്ഞു. ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച കാസര്‍കോട്ട് പ്രകാശനം ചെയ്തു. 
'....ഇത്രയും വലിയ ഒരാളുടെ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായിരുന്നു. ചെറുപ്പത്തില്‍ സ്കൂള്‍ നാടകങ്ങളില്‍ വേഷമിട്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ...' കോഴിക്കോട് മാങ്കാവ് സ്വോദേശി ഉസ്മാന്‍ പറഞ്ഞു. ഉബൈദിന്റെ യുവത്വവും ജീവിത സായാഹ്നവും ഉസ്മാന്‍ മികവുറ്റതാക്കിയതായി സംവിധായകന്‍ പറഞ്ഞു.
പതിനെട്ടു വര്‍ഷം മുമ്പാണ് ഉസ്മാന്‍ കു   കുറ്റ്യാടിയിലെത്തിയത്.ഹോട്ടലുകളിലും കല്യാണ വീടുകളിലും ഭക്ഷണം പാചകം ചെയ്താണ് ജീവിതം പുലര്‍ത്തിയത്. ഇപ്പോള്‍ രോഗം കാരണം വിശ്രമത്തിലാണ്. (മാധ്യമം ദിനപത്രം - 2010 ജനുവരി 10 )
ഖേദപൂര്‍വ്വം : ചിത്രത്തിലഭിനയിക്കുമ്പോള്‍ ഇദ്ദേഹം മാരകമായ കാന്‍സര്‍ രോഗത്തിന് കീഴ്പ്പെട്ടിരുന്നു. പക്ഷെ ഞങ്ങളില്‍ ഒരാളും ഈ വിവരം അറിഞ്ഞില്ല.അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടാവണം.സിനിമയുടെ പ്രകാശനം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. 
(അല്പഭാഗം കാണാം.)





സ്നേഹകാലം

വിളക്ക്
ആളിക്കത്തുകയായിരുന്നു
അതുവഴി വന്ന കാറ്റ് 
ശൃംഗാരത്തിലുലഞ്ഞു 
പതുക്കെച്ചോതിച്ചു-
നിന്നെയോന്നുമ്മവെക്കാന്‍
ഞാനിതു വഴി വരട്ടെ? 

മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ മാത്രം 
ഇപ്പോഴും പ്രണയത്തില്‍ ജീവിക്കുന്നു..
-2002


ഒരാള്‍ തിരിച്ചറിയപ്പെടുന്നത്

എന്നെ വായിക്കുന്നവന്‍ 
പുരോഹിതനല്ല
സഭാ വസ്ത്രങ്ങള്‍ കഴുകിയുണക്കുന്ന
പുരോഹിതനുമല്ല
എന്നെ വായിക്കുന്നവന്‍ 
അലക്കുകല്ലിന്റെ ജീര്‍ണിച്ച വേദനയാണ്  


എന്റെ വാക്കുകള്‍ 
യജമാനനെ ഭയക്കുന്ന 
ഇടര്‍ച്ചകളല്ല
പെയ്തൊഴിഞ്ഞ മഴയുടെ 
തുള്ളി വീഴ്ച്ചയാണ് 
എന്റെ വേഗങ്ങള്‍ 
ഓട്ടക്കാരന്റെ 
ആദ്യ മത്സരത്തിലെ  കിതപ്പുകളല്ല
ഫൈനലില്‍ ജയിച്ചവന്റെ വിശ്രാന്തഗതിയാണ്
എന്റെ കാമം
ഉടല് പിളര്‍ക്കുന്ന വന്യതയല്ല 
കാടിറങ്ങിയവന്റെ ശാന്തതയാണ് 
പ്രണയിക്കുമ്പോള്‍ 
എന്റെ കണ്ണുകള്‍ പുഴ തേടുന്നില്ല 
ഒഴുക്കില്‍ പെട്ട പൂവിതളുകളില്‍ 
നഞ്ഞു കുളിരുകയാണ് ....

എന്നെ വായിക്കുന്നവര്‍ക്കറിയാം-
കുരിശു ചുമന്നവന്റെ മുറിപ്പാടുകളാണ് 
എന്റെ തിരുവെഴുത്തുകളായത്.
-1998



കടലാസുപൂവ്

ഒറ്റനോട്ടത്തില്‍ 
പനിനീരും ചെമ്പകവും പോലെ 
പൂത്തുലഞ്ഞു നില്‍ക്കാം 
എഴുന്നു നില്‍ക്കുന്ന മുള്ളുകളുള്ളതിനാല്‍
തേന്‍ കൊതിച്ചെത്തുന്നവരെ 
അകറ്റി നിര്‍ത്താം.. 

അടുക്കുമ്പോഴല്ലേ മണമറിയൂ... 
അതുവരെയേ ഉള്ളൂ 
ഈ മേല്‍വിലാസം. 


Monday, May 16, 2011

സുഹൃത്തിന്

പഴയ സുഹൃത്തുക്കളെയൊന്നും 
ഇപ്പോള്‍ തീരെ കാണാറില്ല 

വഴിയിറമ്പിലെ മാളങ്ങളില്‍ നിന്ന് 
ചിലപ്പോള്‍ മാത്രം
മിനുങ്ങിയ ശല്ക്കങ്ങളുമായി
അവര്‍ ഇറങ്ങി വരുന്നു
 
പൊള്ളുന്ന ടാറില്‍ 
മീനച്ചൂടിലിഴയുമ്പോള്‍
തലയൊന്നു വെട്ടിക്കും.

ആല്‍ത്തറയില്‍
ഒറ്റക്കിരുന്നു കവിത നനയുമ്പോള്‍
കരിയിലയില്‍ കൊള്ളിയാന്‍ പോലെ പായും 
ചില സൌഹൃദങ്ങള്‍

ശവം കിടത്തിയ പായ 
മുട്ടത്തു കഴുകാനിടുമ്പോള്‍ 
അടുക്കി വെച്ച വിറകിനുള്ളില്‍ കാണാം
അകത്തേക്ക് വലിയുന്ന വാല് ...

ബാലിത്തറയില്‍
മോതിരവിരല് പിടയുമ്പോള്‍
കട്ടിലിനടിയില്‍ കേള്‍ക്കാം 
പതിഞ്ഞു മാറുന്ന ശീല്‍ക്കാരം...

വിഷവൈദ്യന്റെ കോലായില്‍ 
ചലനമറ്റു മലര്‍ന്നു കിടക്കുമ്പോള്‍
കഴുക്കോലില്‍ പുളയും 
മഞ്ഞ നിറത്തിലൊരു അടിവയര്‍ ....

വെട്ടി വെളുപ്പിച്ച പാമ്പിന്‍ കാവില്‍ 
ഇപ്പോഴും കാണാം 
ഇടിത്തീ വീണ മരത്തിലെ
ചുണ്ണാമ്പ് കലകള്‍
കാവിലേക്കുള്ള വഴിയില്‍
പൊടിമണ്ണില്‍ നരച്ചു കിടക്കുന്നു 
പടം പൊഴിച്ച  സൗഹൃദം..

പൂവിനും മണ്ണിനുമിടയില്‍


പറിച്ചു മാറ്റണമെങ്കില്‍ 
ആദ്യം അടിമണ്ണിലേക്കൊരു തൂമ്പയിറക്കണം 
നനവിന്റെ ശ്വാസകോശം 
ആദ്യമേ അറുത്തു കളയണം 
കുട്ടികളും പൂമ്പാറ്റകളും 
പൂക്കാരനുമുണരുന്നതിനു മുമ്പ് 
വാര്ധ ക്യത്തിലേക്കുഴിഞ്ഞു വെച്ച 
തോട്ടത്തിന്റെ പൂമണത്തെ
ച്ചുഴറ്റിപ്പിടിക്കണം
പൂമ്പാററയുടെ കാലുകളില്‍ നിന്ന് 
ശേഷിക്കുന്ന പൂമ്പൊടിയും 
തുടച്ചു മാറ്റണം 
കാറ്റ് കൊണ്ടുവരുന്ന 
പൂമണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പോലും 
അറുത്തുകളയണം
മണ്ണിനെയോര്‍ക്കുന്ന  വേരിന്റെ തുളഞ്ഞു നോട്ടങ്ങള്‍
ചെത്തിക്കളയണം

ഉള്ളു കത്തുമ്പോള്‍ 
നെഞ്ചോടു ചേര്‍ത്തു പുരുഷനാക്കുന്ന 
ഇളം ചൂടിനെ ഉരുക്കിക്കളയണം
കുടിക്കാനെടുത്ത വെള്ളത്തിലെ 
കിണറാഴംമറന്നു
H2O എന്ന്  വായിക്കാന്‍ പഠിക്കണം 

പറിച്ചു മാറ്റണമെങ്കില്‍ 
ഭൂമിയുടെ പച്ച ഗന്ധം പോലും 
ചിലപ്പോള്‍ മറക്കേണ്ടി വരും...

 

ജീവിതം

ജനിക്കുമ്പോള്‍ തലയാണാദ്യം
നിന്നു തുടങ്ങിയപ്പോള്‍ 
കാലു കീഴെയായി
നടന്നു തുടങ്ങിയപ്പോഴേക്കും
കാലു കുഴിയിലുമായി