പറിച്ചു മാറ്റണമെങ്കില്‍
ആദ്യം അടിമണ്ണിലേക്കൊരു തൂമ്പയിറക്കണം
നനവിന്റെ ശ്വാസകോശം
ആദ്യമേ അറുത്തു കളയണം
കുട്ടികളും പൂമ്പാറ്റകളും
പൂക്കാരനുമുണരുന്നതിനു മുമ്പ്
വാര്ധ ക്യത്തിലേക്കുഴിഞ്ഞു വെച്ച
തോട്ടത്തിന്റെ പൂമണത്തെ
ച്ചുഴറ്റിപ്പിടിക്കണം
പൂമ്പാററയുടെ കാലുകളില്‍ നിന്ന്
ശേഷിക്കുന്ന പൂമ്പൊടിയും
തുടച്ചു മാറ്റണം
കാറ്റ് കൊണ്ടുവരുന്ന
പൂമണത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പോലും
അറുത്തുകളയണം
മണ്ണിനെയോര്‍ക്കുന്ന വേരിന്റെ തുളഞ്ഞു നോട്ടങ്ങള്‍
ചെത്തിക്കളയണം
ഉള്ളു കത്തുമ്പോള്‍
നെഞ്ചോടു ചേര്‍ത്തു പുരുഷനാക്കുന്ന
ഇളം ചൂടിനെ ഉരുക്കിക്കളയണം
കുടിക്കാനെടുത്ത വെള്ളത്തിലെ
കിണറാഴംമറന്നു
H2O എന്ന് വായിക്കാന്‍ പഠിക്കണം
പറിച്ചു മാറ്റണമെങ്കില്‍
ഭൂമിയുടെ പച്ച ഗന്ധം പോലും
ചിലപ്പോള്‍ മറക്കേണ്ടി വരും...
No comments:
Post a Comment