Thursday, May 26, 2011

സ്നേഹം

ഇപ്പോള്‍ കാറ്റ് വന്നു വിളിക്കുമ്പോഴാണ്‌
കാടിന്റെ പച്ചയും 
പുഴയുടെ തണുപ്പും 
കടലിന്റെ ഉപ്പും 
ഞാനറിയുന്നത് 

നീ കൂടെയുണ്ടായിരുന്നപ്പോള്‍
ഇതെല്ലാം എന്നില്‍ തന്നെയായിരുന്നു...

Monday, May 23, 2011

മഞ്ചാടിക്കുരു

ഊഞ്ഞാലും
തൂക്കുകയറും
ഒരേ മരത്തില്‍ .
ഊഞ്ഞാലാടി കുട്ടിക്കൊതി നുള്ളിയവള്‍
ഇപ്പോള്‍
മരച്ചുവട്ടില്‍ മഞ്ചാടി പെറുക്കുകയാണ്. 
ആരുടെ ചങ്കിലെ ചോരയാണ് 
ഈ മഞ്ചാടികളെന്നു
അവള്‍ മരത്തോടോ
മരം, അവളോടോ ചോദിച്ചില്ല. 
ഇങ്ങേകൊമ്പില്‍
പഴന്തുണി പോലെ ഞാണ്കിടന്നു കാണുമ്പോള്‍ 
എല്ലാമൊരു തമാശ.
ചങ്ക് കൊത്തിപ്പറന്ന പക്ഷി 
എല്ലാ മരച്ചുവട്ടിലും മഞ്ചാടി വിതറി 
ചിറകു കുഴഞ്ഞിട്ടുണ്ടാവും 

ഇനിയൊരു കൈക്കുടന്നയിലേക്ക് കൂടി 
ബാക്കിയുണ്ടാവും 
അത്കൂടി കൊത്തിയെടുത്തിട്ടേ
ശവം നിലത്തെടുത്തു കിടത്താവൂ
ഇനിയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ 
അതെങ്കിലും വേണ്ടേ...?
(മെയ് 2011)

കാമുകന്‍

പറഞ്ഞു തോല്‍ക്കുന്നവന്‍ 
കവിതയില്‍ ജയിക്കും
ജയിക്കാന്‍ വരുന്നവന്‍
കവിതയാല്‍ പരിഹസിക്കപ്പെടും 
ഒറ്റവീര്‍പ്പില്‍ ഹൃദയം വായിക്കുന്നവന്‍ 
കവിതയിലും പ്രണയത്തിലും 
തിരസ്കൃതനാവും 
അവന്‌
ഉപമയും
ഉല്‍പ്രേക്ഷയുമുണ്ടാവില്ല. 
(മെയ്‌ 2011) 

പാസ്‌വേഡ്

അകത്തേക്ക് വരാന്‍ 
വാതിലുകളെല്ലാം തുറന്നു വെച്ചിരുന്നു 
പുറത്തേക്കുള്ള വഴി മാത്രം 
അവള്‍ രഹസ്യമായി സൂക്ഷിക്കുന്നു.
(മെയ്‌ 2011)

പിണക്കം

കടല്‍ മടുത്തതുകൊണ്ടല്ല,
തിരകള്‍ കരയിലേക്ക് വരുന്നത്-
ഇടയ്ക്ക്, കരയില്‍ തൊട്ടു മടങ്ങിയാലെ
കടലിന്റെ ആഴമറിയൂ....
(മെയ്‌ 2011)  

കവിത : ഇറച്ചി

                                                                                    പെയ്ന്റിംഗ് :സാല്‍വഡോര്‍ ദാലി

ഓരോ കവിതയിലും 
ചിതയില്‍ പൊട്ടുന്ന അസ്ഥികള്‍ പോലെ
എന്റെ വാക്കുകള്‍ കലഹിക്കും
ചാരമാവുന്നതിനു മുമ്പ് 
തീയോടും
കുഴിച്ചു മൂടുന്നതിനു മുമ്പ് 
കുഴിവെട്ടുകാരനോടും.

എന്റെ ചോരയും മാംസവും 
ഞാന്‍ ദാനം തന്നതാണ്.
പച്ച്ചക്കെടുത്തു
തീന്മേശയില്‍ വിളമ്പാം
ദൈവനാമത്തില്‍ വീതം വെച്ചു കഴിക്കാം
ചെമ്പ് കൊണ്ടുണ്ടാക്കിയ നഖങ്ങളാല്‍
മാറും മുഖവും മാന്തിപ്പൊളിക്കാം *
പക്ഷെ, 
കഴുമരത്തിലും
നിങ്ങളുടെ ചൂണ്ടുവിരല്‍ മാത്രമേ 
എനിക്ക് നേരെ ഉയര്‍ത്താനാവൂ
മൂന്നു വിരലുകള്‍ അപ്പോഴും 
നിങ്ങളുടെ നെഞ്ചിലേക്ക് തന്നെ 
പൊള്ളുന്ന ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരിക്കും.
*പരദൂഷണം പറയുന്നവരെ കുറിച്ചു വി.ഖുറാനിലെ ഉപമ.  
(2010)